Kerala

സിപിഐ പൊരിവെയിലത്ത് തണല്‍ വേണോയെന്ന് അവര്‍ പറയണം; പിഎംഎ സലാം

കോഴിക്കോട്: ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ലീഗ് യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സിപിഐ പൊരിവെയിലത്താണ് നില്‍ക്കുന്നത്. തണല്‍ വേണോയെന്ന് അവര്‍ പറയട്ടെയെന്ന് സലാം പ്രതികരിച്ചു. അച്യുതമേനോന്‍ മന്ത്രിസഭയില്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസ്സും സിപിഐയും ചേര്‍ന്ന് ഭരിച്ചപ്പോഴാണ് കേരളം നമ്പര്‍ വണ്‍ ആയതെന്ന് മുതിര്‍ന്ന നേതാവായ കെപിഎ മജീദ് ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ എഴുതിയ ലേഖനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയത്തിലാണ് സലാമിന്റെ പ്രതികരണം.

ബേപ്പൂരില്‍ സ്ഥാനാര്‍ഥിത്വം പിഴച്ചിട്ടില്ലെന്നും യുഡിഎഫ് വോട്ട് കുറഞ്ഞോയെന്ന് പരിശോധിക്കുമെന്നും സലാം പറഞ്ഞു. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തില്‍ എന്താണ് സംഭവിച്ചുകൂടാത്തതെന്ന് കെപിഎ മജീദിന്റെ ലേഖനം പരാമര്‍ശിച്ചുകൊണ്ട് പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. പാര്‍ട്ടി പരമായി വിഷയം ആലോചിച്ചിട്ടില്ല. രണ്ട് കൂട്ടരും ആലോചിച്ചു തീരുമാനിക്കേണ്ട കാര്യമാണ്. മജീദ് വിഷയം തുടങ്ങി വച്ചു ഇനി ചര്‍ച്ചകള്‍ നടക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് വണ്‍ സൈഡ് കാര്യമല്ലല്ലോ, അവരും തീരുമാനിക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.

അച്യുതമേനോന്‍ മന്ത്രിസഭ മുസ്ലിം ലീഗിന്റെയും സിപിഐ യുടെയും ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളിലെഴുതിയ താളുകളായിരുന്നുവെന്ന് കെപിഎ മജീദ് ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അച്യുതമേനോന്‍ സര്‍ക്കാര്‍ കേരളത്തിന്റെ വളര്‍ച്ചയുടെ അടിത്തറ ദൃഢപ്പെടുത്തി. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ ലോകോത്തര കേരള മോഡല്‍ രൂപപ്പെട്ടത് അക്കാലത്താണെന്നും കെപിഎ മജീദ് ലേഖനത്തില്‍ അവകാശപ്പെടുന്നുണ്ട്.

പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് സിപിഐ-സിപിഐഎം തര്‍ക്കങ്ങള്‍ പരസ്യമായ തര്‍ക്കങ്ങളിലേയ്ക്ക് പോകുന്ന ഘട്ടത്തിലാണ് സിപിഐയെ പ്രകീര്‍ത്തിച്ചും സിപിഐഎമ്മിനെ കുറ്റപ്പെടുത്തിയുമുള്ള കെപിഎ മജീദിന്റെ ലേഖനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് വിലയിരുത്തപ്പെടുന്നത്. സിപിഐയെ യുഡിഎഫിലേയ്ക്ക് പരോക്ഷമായി ക്ഷണിക്കുന്നതാണ് ഈ ലേഖനമെന്നും വിലയിരുത്തലുകളുണ്ട്.

See also  അഭിനയത്തിൽ തുടരണം; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ജഗദീഷ്

Related Articles

Back to top button