Kerala

ഇടുക്കിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

ഇടുക്കി: അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അടിമാലി പോലീസ് അസ്വാഭാവിക മരണത്തിന് (Unnatural Death) കേസെടുത്തു. അടിമാലി ഒഴുവത്തടം വലിയകാട്ടിൽ അഫ്സൽ – സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.

​വെള്ളിയാഴ്ച രാത്രിയോടെയാണ് അവശനിലയിലായ കുഞ്ഞുങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല.

​പെയിന്റിന് ഉപയോഗിക്കുന്ന തിന്നർ അബദ്ധത്തിൽ കുടിച്ചതാണ് അപകടത്തിന് കാരണമെന്ന് പിതാവ് അഫ്സൽ മൊഴി നൽകിയെങ്കിലും പൊലീസും ആശുപത്രി അധികൃതരും ഇത് പൂർണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. മൊഴികളിൽ വൈരുധ്യമുള്ളതിനെത്തുടർന്ന് പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

​സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണ സംഘവും പോലീസും പരിശോധന നടത്തി വരികയാണ്. കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്. രാസപരിശോധനാ ഫലവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പുറത്തുവന്നതിനു ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. 

See also  സതീശന് പിന്നാലെ മണപ്പാട് ഫൗണ്ടേഷനെതിരെയും സിബിഐ അന്വേഷണത്തിന് ശുപാർശ

Related Articles

Back to top button