Kerala

സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് കോഴിക്കോട്ട് തുടക്കം: തെറ്റുതിരുത്തൽ ലക്ഷ്യം

കോഴിക്കോട്: മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് കോഴിക്കോട് തുടക്കമാകും. രാവിലെ 10 മണിക്ക് ജനറല്‍ സെക്രട്ടറി എം എ ബേബിയാണ് യോഗം ഉദ്ഘാടനം ചെയ്യുന്നത്. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സംഘടനാ രേഖ അവതരിപ്പിക്കും. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സംഘടനാ രേഖയില്‍ ഉള്ളതെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. സംഘടനാ രേഖയിന്‍മേല്‍ നടക്കുന്ന ചര്‍ച്ചകളില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പോഷക സംഘടനാ പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍

ചര്‍ച്ചകളില്‍ പങ്കെടുക്കില്ല.

ചരിത്രത്തില്‍ ഇല്ലാത്ത നിലയിലുള്ള തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നതിന് ശേഷം അസാധാരണമായൊരു തിരുത്തല്‍ നടപടിയിലേക്കാണ് സിപിഐഎം കടക്കുന്നത്. സാധാരണ നിലയില്‍ ജയപരാജയങ്ങളില്‍, മേല്‍ കമ്മിറ്റി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് കീഴ്ഘടകങ്ങളിലേക്ക് ചര്‍ച്ചചെയ്ത് അംഗീകരിക്കുന്നതായിരുന്നു പാര്‍ട്ടി രീതി. എന്നാല്‍ ഇത്തവണ തോല്‍വിയുടെ കാരണമറിയാന്‍ ബ്രാഞ്ച് തലം മുതല്‍ ചര്‍ച്ച ചെയ്ത് മേല്‍ ഘടകങ്ങളില്‍ എത്തിച്ച ശേഷം അതിന്മേല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയാണ് മറ്റ് നടപടികളിലേക്ക് പോകുന്നത്. ഇതില്‍ വിപുലീകൃത സംസ്ഥാന കമ്മിറ്റി എന്നത് സിപിഐഎമ്മിന്റെ സാധാരണ സംഘടനാ രീതികളില്‍ നിന്ന് മാറിയുള്ള അജണ്ട ആണ് എന്നതും പ്രത്യേകതയാണ്. ഒന്‍പത് പിബി അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

വിശാലമായ തുറന്ന ചര്‍ച്ച വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടാകും എന്ന് തന്നെയാണ് കരുതുന്നത്. എന്തുകൊണ്ട് തോറ്റു എന്നതിനെ സംബന്ധിച്ച് ഏറെക്കുറെ പാര്‍ട്ടി പഠിച്ചിട്ടുണ്ടെന്നും എന്നാല്‍ സംസ്ഥാന കമ്മിറ്റി കഴിയുന്നതോടെ വിപുലമായൊരു തിരുത്തല്‍ രേഖ അംഗീകരിക്കപ്പെടും എന്നുമാണ് നേതാക്കള്‍ അറിയിക്കുന്നത്. തോല്‍വിയില്‍ നോതൃത്വത്തിന്റെ വീഴ്ചയെ സംബന്ധിച്ച് സംസ്ഥാന-കേന്ദ്ര കമ്മിറ്റികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരാളെ മാറ്റി മറ്റൊരാളെ കൊണ്ടു വന്നുള്ള ഒരു തിരുത്തല്‍ പ്രക്രിയയിലേക്ക് പാര്‍ട്ടി കടക്കില്ല. നിലവിലുള്ള ആളുകളില്‍ തന്നെ ചില ചുമതലകളില്‍ മാറ്റം വരുത്തി തിരത്തി മുന്നോട്ട് പോകുക എന്നതാണ് ലക്ഷ്യമിടുന്നത്.

307 പ്രതിനിധികളാണ് മുന്ന് ദിവസമായി ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പോഷക സംഘടനാ ഭാരവാഹികളുമാണ് പ്രതിനിധികള്‍. മൂന്നാം ദിവസം നടക്കുന്ന റാലി പാര്‍ട്ടിയുടെ ശക്തി പ്രകടനമാക്കി മാറ്റാനാണ് സിപിഐഎം ഉദ്ദേശിക്കുന്നത്. ഏതാണ്ട് ഒന്നര ലക്ഷം ആളുകള്‍ ഇതില്‍ പങ്കെടുക്കും എന്നാണ് കരുതുന്നത്. ചര്‍ച്ചകളോ പാര്‍ട്ടി രേഖകളോ ചോരാതെ ഇരിക്കാന്‍ വലിയ നിയന്ത്രണങ്ങളാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

See also  കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ ദുരൂഹതയേറുന്നു; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചേക്കും

Related Articles

Back to top button