പാർട്ടി വിട്ടവരെ തിരിച്ചെത്തിക്കാൻ സിപിഐഎം കേന്ദ്ര നേതൃത്വം; അനുനയ നീക്കങ്ങൾക്ക് എം എ ബേബി

പാർട്ടി വിട്ടവരെ തിരിച്ചെത്തിക്കാൻ സിപിഐഎം കേന്ദ്ര നേതൃത്വം നേരിട്ടിറങ്ങുന്നു. വിമത എംഎൽഎമാരെ ഉൾപ്പെടെ തിരിച്ചെത്തിക്കാനുള്ള അനുനയ നീക്കങ്ങൾക്ക് ജനറൽ സെക്രട്ടറി എം എ ബേബി നേതൃത്വം നൽകും. വിപുലീകൃത ജില്ലാ കമ്മിറ്റികൾക്ക് മുൻപ് തന്നെ ചർച്ചകൾ നടത്താനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.ജി സുധാകരൻ, ടി കെ ഗോവിന്ദൻ, വി കുഞ്ഞികൃഷ്ണൻ എന്നിവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. സംസ്ഥാന നേതൃത്വത്തോട് എതിർപ്പുണ്ടെങ്കിലും കേന്ദ്ര നേതൃത്വവുമായി ഇവർക്ക് സൗഹൃദ സമീപനമുണ്ടെന്നാണ് സിപിഐഎം വിലയിരുത്തൽ.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ടി കെ ഗോവിന്ദൻ കോടിയേരിയുടെ വീട് സന്ദർശിച്ചതും അന്വേഷണത്തെ എതിർത്ത് രംഗത്തെത്തിയതും പാർട്ടി അനുകൂല സൂചനയായാണ് കാണുന്നത്. പാർട്ടി തിരുത്തലിന് തയ്യാറാണെന്ന സന്ദേശം നൽകി വി കുഞ്ഞികൃഷ്ണനെ തിരിച്ചെത്തിക്കാനും കേന്ദ്ര നേതൃത്വം ശ്രമിക്കും.കണ്ണൂർ ജില്ലാ ഘടകത്തിന്റെ എതിർപ്പ് മറികടന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. ഇതിനിടെ വിപുലീകൃത ജില്ലാ കമ്മിറ്റികൾക്ക് മുന്നോടിയായി കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെ മാറ്റിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
ജി സുധാകരനെ തിരിച്ചെത്തിക്കാനുള്ള ചർച്ചകൾ എം എ ബേബി നേരിട്ട് ഏറ്റെടുത്തേക്കും. ആലപ്പുഴയിലെ പാർട്ടി സമവാക്യങ്ങൾ അറിയുന്ന എം എ ബേബിക്ക് അനുനയ നീക്കം നടത്താനാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.സംസ്ഥാനത്തെ പാർട്ടിയെ ശക്തിപ്പെടുത്താൻ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെടുന്നതിന്റെ സൂചനയായാണ് പുതിയ നീക്കങ്ങളെ കാണുന്നത്.



