മുൻകൂട്ടി കണ്ട് ആസൂത്രണം നടന്നില്ല, രാജ്യത്ത് എല്ലായിടത്തും പവര്‍ കട്ടുണ്ട്; പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ല: മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: ഇന്ത്യയിലെ എല്ലായിടത്തും പവര്‍ കട്ടുണ്ടെന്നും പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ലെന്നും മുഖ്യമന്ത്രി വിഡി സതീശൻ. ഈ മാസം ഉപഭോഗം ഉയരുമെന്ന് മുൻകൂട്ടി കണ്ട് ആസൂത്രണം നടന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മാസം മുതൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ നാളെ വിപുലമായ യോഗം ചേരും.
ഒരാഴ്ചയ്ക്കുള്ളിൽ കണ്‍ട്രോള്‍ ആകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച പറഞ്ഞെങ്കിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുകയാണ്. സര്‍ക്കാരിന് ഷോക്കായ വൈദ്യുതി പ്രതിസന്ധിയിൽ മുന്‍ സര്‍ക്കാരിനെ പഴിക്കുന്നത് മുഖ്യമന്ത്രി അവര്‍ത്തിച്ചു. യുഡിഎഫ് കാലത്തെ ദീര്‍ഘ കരാര്‍ നഷ്ടമുണ്ടാക്കിയെന്ന വിജിലന്‍സ് കണ്ടെത്തൽ പുറത്തുവന്നെങ്കിലും 465 മെഗാവാട്ടിന്‍റെ കരാര്‍ ഇടതു സര്‍ക്കാരിന്‍റെ കാലത്ത് റദ്ദാക്കിയത് തെറ്റായിപ്പോയെന്ന് വിമര്‍ശനം തുടരുകയാണ്. ഇതിനൊപ്പമാണ് സെപ്തംബറിൽ ഉയര്‍ന്ന ഉപയോഗം മുന്‍കൂട്ടി ആസൂത്രണം ചെയ്തില്ലെന്ന് സമ്മതിക്കുന്നതും.
ഈ മാസം പീക്ക് സമയത്ത് ആവശ്യത്തിനുള്ള വൈദ്യുതിയില്ലെന്ന് ജൂണിലേ വ്യക്തമായിരുന്നു. ഇപ്പോള്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ നടത്തിയ ശ്രമം നേരത്തെ ചെയ്തില്ല . 150 മെഗാവാട്ട് കൂടി ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷൻ ഉടൻ അധികമായി തരുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. അതേ സമയം കഴിഞ്ഞ ദിവസത്തെക്കാള്‍ ഇന്നലെ ഉപയോഗം കൂടി. 93.4 ദശലക്ഷം യൂണിറ്റായി .ദീര്‍ഘകാല കരാര്‍ വഴിയുള്ള വൈദ്യുതി ലഭ്യത പഴയ പടി ആയില്ല. അതേ സമയം അണക്കെട്ടുകളിലെ വെള്ളം 61 ശതമാനമായി കുറഞ്ഞു. ഇത് വേനൽക്കാലത്ത് കടുത്ത പ്രതിസന്ധിയുണ്ടാകാമെന്നതിന്‍റെ മുന്നറിയിപ്പാണ്.



