മുഖ്യമന്ത്രിയുടെ സൗജന്യ യാത്ര ക്രിമിനൽ കുറ്റം; ചാർട്ടേഡ് വിമാന വിവാദത്തിൽ അഡ്വ.അരുൺ കുമാർ

മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ നടത്തിയ സൗജന്യ യാത്ര അഴിമതി നിരോധന നിയമപ്രകാരം ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരുമെന്ന് അഭിഭാഷകൻ അരുൺ കുമാർ ആരോപിച്ചു. ഔദ്യോഗിക പദവിയിലുള്ള വ്യക്തി സർക്കാർ കാര്യങ്ങളുമായി ബന്ധപ്പെട്ട് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് സൗജന്യം സ്വീകരിക്കുന്നത് നിയമപരമായി പരിശോധിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 11 ചൂണ്ടിക്കാട്ടിയാണ് അരുൺ കുമാറിന്റെ വാദം. സർക്കാർ പരിഗണിക്കുന്ന വിഷയങ്ങളുമായി ബന്ധമുള്ള വ്യക്തിയിൽ നിന്ന് പ്രതിഫലം കൂടാതെയോ വിലപ്പെട്ട വസ്തുവോ ആനുകൂല്യമോ സ്വീകരിക്കുന്ന സാഹചര്യം നിയമത്തിന്റെ പരിധിയിൽ വരാമെന്ന് നിയമത്തിലെ വ്യവസ്ഥകൾ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ചിപ്സൺ ഏവിയേഷൻ പണം നൽകിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് അരുൺ കുമാറിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി കേളചന്ദ്ര ഏവിയേഷന്റെ വിമാനത്തിന് ചിപ്സൺ ഏവിയേഷൻ 19,88,595 രൂപ നൽകിയതായി പുറത്തുവന്ന ഇൻവോയ്സ് വിവരങ്ങൾ വ്യക്തമാക്കുന്നു.
ഇത്തരം സൗജന്യ യാത്രകൾ ഇനിയും നടത്തുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അരുൺ കുമാർ പറഞ്ഞു. ഉദ്യോഗസ്ഥരും മറ്റ് അധികാരസ്ഥാനങ്ങളിലുള്ളവരും സമാനമായി സ്വകാര്യ വ്യക്തികളിൽ നിന്ന് സൗജന്യങ്ങൾ സ്വീകരിക്കുന്നതിന് ഇത് തെറ്റായ മാതൃകയാകുമെന്നും അദ്ദേഹം ആരോപിച്ചു.എന്നാൽ, സംസ്ഥാന ഖജനാവിന് യാത്രയ്ക്കായി ഒരു രൂപ പോലും ചെലവായിട്ടില്ലെന്നും പരിചയക്കാരനാണ് വിമാനം ഏർപ്പെടുത്തിയതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.



