Kerala

മെട്രോ ജേണൽ ഓൺലൈൻ ചീഫ് എഡിറ്റർ സലാഹുദ്ദീൻ വി.പിക്ക് മാധ്യമ പുരസ്കാരം; അഞ്ച് മാധ്യമപ്രവർത്തകർക്ക് പി.എ.ജെ.-ആർ മീഡിയ അവാർഡ്! രണ്ടാം പതിപ്പിന് കോഴിക്കോട് വേദിയാകും

കോഴിക്കോട്: മാധ്യമപ്രവർത്തന രംഗത്തെ മികച്ച സംഭാവനകൾക്ക് അംഗീകാരം നൽകുന്നതിനായി പ്രസ്സ്ലൈവ്–ഏഷ്യൻഗ്രാഫ് ജേണലിസ്റ്റ്സ് ആൻഡ് റിപ്പോർട്ടേഴ്സ് അസോസിയേഷൻ (പി.എ.ജെ.-ആർ) സംഘടിപ്പിക്കുന്ന മാധ്യമ പുരസ്കാരങ്ങളുടെ രണ്ടാം പതിപ്പ് കോഴിക്കോട് നടക്കും. വിവിധ മാധ്യമ മേഖലകളിൽ നിന്നുള്ള അഞ്ച് മാധ്യമപ്രവർത്തകർക്കാണ് ഇത്തവണ പുരസ്കാരം.

മെട്രോ ജേണൽ ഓൺലൈൻ ചീഫ് എഡിറ്റർ സലാഹുദ്ദീൻ വി.പി., റിപ്പോർട്ടർ ടി.വി. പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ആർ. റോഷിപാൽ, ദേശാഭിമാനി സീനിയർ സബ് എഡിറ്റർ ജിജോ ജോർജ്, അഹല്യ എഫ്.എം. 90.4 റേഡിയോ ജോക്കി സുനിൽ സുബ്രഹ്മണ്യൻ, വയനാട് വിഷൻ പ്രാദേശിക ടെലിവിഷൻ സ്പോർട്സ് ജേണലിസ്റ്റ് സന്ദീപ് സത്യ എന്നിവരാണ് പുരസ്കാര ജേതാക്കൾ.

മാധ്യമപ്രവർത്തനത്തിലെ മികവ്, പ്രൊഫഷണൽ സംഭാവനകൾ, വിവിധ മാധ്യമ മേഖലകളിലെ ശ്രദ്ധേയമായ ഇടപെടലുകൾ എന്നിവ പരിഗണിച്ചാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. വിവിധ മേഖലകളിലെ ശ്രദ്ധേയമായ റിപ്പോർട്ടുകളും മാധ്യമ ഇടപെടലുകളും പരിഗണിച്ചാണ് ആർ. റോഷിപാലിനും ജിജോ ജോർജിനും പുരസ്കാരം നൽകുന്നത്.

ചടങ്ങിനോടനുബന്ധിച്ച് ഏഷ്യൻഗ്രാഫ് ഡെയിലിയുടെ ഔദ്യോഗിക ഉദ്ഘാടനവും നടക്കും. മാധ്യമ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

മാധ്യമപ്രവർത്തകരെ ആദരിക്കുന്നതിനൊപ്പം മാധ്യമരംഗത്തെ പുതിയ പ്രവണതകൾ, ഡിജിറ്റൽ മാധ്യമങ്ങളുടെ വളർച്ച, മാറിവരുന്ന മാധ്യമപ്രവർത്തന രീതികൾ, സോഷ്യൽ മീഡിയയുടെ സ്വാധീനം, മാധ്യമപ്രവർത്തനത്തിന്റെ ഭാവി സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന കേരള ജേണലിസം കോൺക്ലേവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.

പുരസ്കാര ചടങ്ങിന്റെയും കേരള ജേണലിസം കോൺക്ലേവിന്റെയും ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പരിപാടിയുടെ തീയതിയും വേദിയും ഉടൻ പ്രഖ്യാപിക്കുമെന്ന് പി.എ.ജെ.-ആർ ഭാരവാഹികൾ അറിയിച്ചു.

See also  മദ്യലഹരിയിൽ പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി അക്രമം; യുവാവ് അറസ്റ്റിൽ

Related Articles

Back to top button