സൗദി വിമാനത്താവളത്തിൽ ആക്രമണം; പൈലറ്റ് ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതി മിസൈൽ ആക്രമണങ്ങളിൽ പൈലറ്റ് ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ട മൂന്നു പേരും സൗദി പൗരന്മാരാണ്. വ്യാഴാഴ്ചയുണ്ടായ ഇരട്ട മിസൈൽ ആക്രമണങ്ങളിൽ വിമാനത്താവളത്തിനും വിമാനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സൗദിയിലെ ദേശീയ വിമാനക്കമ്പനിയായ സൗദിയ എയർലൈൻസിന്‍റെ പൈലറ്റായ ക്യാപ്റ്റൻ ഹമൗദ് അലി അൽക്കൽതമിയ്ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി സൗദിയ എയർലൈൻസ് കുറിച്ചു. ആക്രമം നടക്കുന്ന സമയത്ത് വിമാനത്തിൽ യാത്രക്കാർ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കാൻ കാരണമായി.
വ്യാഴാഴ്ച രണ്ട് ഘട്ടങ്ങളായാണ് ഹൂതി വിമാനത്താവളത്തിനു നേരെ ആക്രമണം നടത്തത്. ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. ആദ്യ ആക്രമണം വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു. രണ്ടാമത്തെ ആക്രമണം വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന വിമാനത്തിനു നേരെയായിരുന്നു. ആക്രമണത്തിൽ വിമാനത്തിനു തീ പിടിച്ചു. പിന്നാലെ റിയാദ് വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികൾ ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി.



