മാസപ്പടിക്കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി സുപ്രിംകോടതിയിലേക്ക്

തിരുവനന്തപുരം: മാസപ്പടിക്കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ ഉടൻ സുപ്രിംകോടതിയിൽ അപ്പീൽ സമർപ്പിക്കും. പിണറായിക്കായി മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര ഹാജരാകും.
അതേസമയം കേസിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ അന്വേഷണത്തിൽ ഇ ഡിയുടെ റിപ്പോർട്ട് വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് വിജിലൻസ് എസ്ഐടി. ഇഡിക്ക് ലഭിച്ച രേഖകളും മൊഴികളും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന്റെ വിശദമായ പരിശോധനക്ക് ശേഷമാകും പ്രതികളെ ചോദ്യം ചെയ്യുക. സിഎംആർഎല്ലിലെ ഉദ്യോഗസ്ഥർ, മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് ആദ്യം മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷമാവും പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ തുടങ്ങിയവരെ ചോദ്യം ചെയ്യുക. മാസപ്പടി, ഹവാല ഇടപാടുകളുടെ അന്വേഷണത്തിന് രണ്ട് സംഘങ്ങളെയാണ് വിജിലൻസ് രൂപീകരിച്ചിരിക്കുന്നത്. വിജിലൻസ് ഐജിയുടെ ചുമതല വഹിക്കുന്ന ഡിഐജി തോംസൺ ജോസിനാണ് അന്വേഷണത്തിൻ്റെ മേൽനോട്ട ചുമതല.
കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് പരിഗണിച്ചില്ല. സിംഗിൾ ബെഞ്ച് വിധിയിൽ തന്റെ ഭാഗം കേട്ടില്ലെന്നും ഏകപക്ഷീയമായാണ് ഉത്തരവിട്ടതെന്നും ചൂണ്ടിക്കാട്ടി പിണറായി സമർപ്പിച്ച ഹരജി കോടതി ഒറ്റവരിയിലാണ് തള്ളിയത്. തന്റെ വാദം കൂടി കേൾക്കണമെന്ന പിണറായി വിജയന്റെ ആവശ്യം ഡിവിഷൻ ബെഞ്ച് അംഗീകരിക്കാൻ തയ്യാറായില്ല.



