Kerala

പിണറായി വിജയന്റെ വീട്ടില്‍ ഇഡി ഉദ്യോഗസ്ഥര്‍; എത്തിയത് സമന്‍സ് നല്‍കാന്‍: വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെത്തി. സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ സമന്‍സ് നല്‍കാനാണ് ഇ ഡി ഉദ്യോഗസ്ഥർ എത്തിയത്. ഈ മാസം 23ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി പിണറായിക്ക് സമന്‍സ് നല്‍കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയത്. പിണറായി വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ഉദ്യോഗസ്ഥര്‍ എത്തിയത്. തുടർന്ന് വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. 23ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസിലെ നിര്‍ദേശം. ബാങ്ക് രേഖകളും ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പും ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. രാജ്യത്തും വിദേശത്തുമുള്ള ബാങ്കുകളിലെ സ്ഥിരം നിക്ഷേപത്തിന്റെ വിവരങ്ങളും ഹാജരാക്കേണ്ടതുണ്ട്. രാജ്യത്തിന് അകത്തും പുറത്തുമുള്ള സ്ഥാവരജംഗമ വസ്തുക്കളുടെ വിവരങ്ങളും ഹാജരാക്കണമെന്നാണ് ഇ ഡി നിര്‍ദേശം.

അതേസമയം ചോദ്യം ചെയ്യലിനായി 23ന് ഹാജരാകേണ്ടതില്ലെന്നാണ് പിണറായിക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. റിട്ട് പെറ്റീഷന്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ഹാജരാകേണ്ടെന്ന നിയമോപദേശമാണ് പിണറായിക്ക് ലഭിച്ചത്. മുന്‍കൂര്‍ ജാമ്യം ഈ ഘട്ടത്തില്‍ തേടേണ്ടന്നും നിര്‍ദേശമുണ്ട്.

ഇതോടെ കോടതി കേസ് പരിഗണിക്കുന്നത് വരെ അസൗകര്യം അറിയിക്കനാണ് നീക്കം. അറസ്റ്റ് മുന്നില്‍ കണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ടെന്നും പിണറായി വിജയന്‍ തീരുമാനിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ഇഡി വേട്ട ഉയര്‍ത്തി, ഭരണഘടനാപരമായ വിഷയം ചൂണ്ടിക്കാട്ടി കേസിനെ പ്രതിരോധിക്കാനാണ് സിപിഐഎം തീരുമാനം.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രണ്ട് ഇസിഐആറുകളാണ് ഇ ഡി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിണറായി വിജയന് പുറമെ മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്തിരുന്നു. വിജിലന്‍സ് കേസെടുത്തതിന്റെ ചുവടുപിടിച്ചായിരുന്നു ഇ ഡി നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ പ്രകാരം ഇ ഡിക്ക് നേരിട്ട് അന്വേഷണം നടത്തണമെങ്കില്‍ അഴിമതി നിരോധന നിയമപ്രകാരം സംസ്ഥാന ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. വിജിലന്‍സിന്റെ രണ്ട് എഫ്ഐആറുകളിലൂടെ ഇ ഡിക്ക് മുന്നിലുണ്ടായിരുന്ന ഈ നിയമതടസ്സം മാറിയിരുന്നു. പിന്നാലെയാണ് കേസെടുത്തത്.

See also  കാഫിർ സ്‌ക്രീൻ ഷോട്ട് കേസ്: അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും

Related Articles

Back to top button