Kerala

സുഹൈലിന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കും; അമിതമായി മദ്യപിച്ചിരുന്നെന്ന് തെളിഞ്ഞു: കോടതി ഉത്തരവ് പുറത്ത്

നെടുമ്പാശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്നു പേർ മരിച്ച കേസിൽ പ്രതികൾക്ക് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്. അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഒന്നാം പ്രതി സുഹൈൽ സജീവ് മദ്യപിച്ച് വാഹനമോടിച്ചുവെന്ന് രക്തപരിശോധനയിൽ തെളിഞ്ഞു. ഇത് സംബന്ധിച്ച് ദൃക്സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളുമുണ്ട്. പ്രതി മദ്യപിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും മറ്റ് മൂന്ന് പ്രതികളും വേഗത്തിൽ വാഹനമോടിക്കാൻ പ്രേരിപ്പിച്ചു. പ്രതികൾ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കും. തെളിവ് നശിപ്പിക്കും,​ ഒളിവിൽപ്പോകാനും സാദ്ധ്യതയുണ്ട്. അതിനാൽ ജാമ്യം നിഷേധിക്കുന്നുവെന്ന് കോടതി ഉത്തരവിൽ പറയുന്നു.

കേസിലെ ഒന്നാംപ്രതിയും വാഹനമോടിച്ചിരുന്നയാളുമായ സുഹൈൽ സജീവ് (19)​,​ കാറിൽ ഒപ്പം യാത്ര ചെയ്ത നിനവ് (19)​,​ ജോയൽ (19)​,​ അമീർ (19)​ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഒക്ടോബർ 11നുണ്ടായ അപകടത്തിൽ വയനാട് സ്വദേശി ദേവിക,​ പാലക്കാട് സ്വദേശി ഗോപിക,​ കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ മരണമടഞ്ഞിരുന്നു. ഒന്നാംപ്രതിക്കെതിരെ നരഹത്യാ കുറ്റവും ബാക്കി മൂന്നുപേ‌ർക്കുമെതിരെ പ്രേരണാ കുറ്റവുമാണ് ചുമത്തിയത്.

കടുത്ത ലഹരിയിലായിരുന്ന ഒന്നാം പ്രതി മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിൽ മറ്റ് പ്രതികളുടെ അകമ്പടിയോടെ വാഹനം ഓടിച്ചത് പൊതുസുരക്ഷയോടും മറ്റ് യാത്രികരുടെ ജീവനോടുമുള്ള നിരുത്തരവാദപരമായ സമീപനവും നിയമലംഘനവുമാണെന്ന് കോടതി വിലയിരുത്തി. എഫ്.ഐ.ആറിൽ എല്ലാ കാര്യങ്ങളും വിശദമായി ഉണ്ടായിരിക്കണമെന്നില്ലെന്നും തുടരന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങളും പ്രതികളുടെ പങ്കും വ്യക്തമാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി

See also  തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക്; സീരിയൽ മേഖലയിൽ സെൻസറിംഗ് വേണമെന്ന് പി സതീദേവി

Related Articles

Back to top button