Kerala

മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിൽ പുതിയ ചേരി ; സതീശൻ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് ആരോപണം

തിരുവനന്തപുരം: ബോർഡ് – കോർപ്പറേഷൻ സ്ഥാനവിഭജനത്തിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന ആക്ഷേപത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പുതിയ ചേരി രൂപപ്പെടുന്നതായി റിപ്പോർട്ട്. നാലുമാസം പിന്നിട്ടിട്ടും പൂർത്തിയാകാത്ത സ്ഥാനവിഭജനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന നിലപാടാണ് കോൺഗ്രസിൽ അതൃപ്തിക്ക് കാരണം.

പാർട്ടി നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ സമീപദിവസങ്ങളിൽ ചില യുവനേതാക്കൾ നടത്തുന്ന പരസ്യ പ്രതികരണങ്ങൾ സ്വാഭാവികമായി ഉണ്ടാകുന്നതല്ലെന്നാണ് വിലയിരുത്തൽ വരും ദിവസങ്ങളിലും ബോർഡ് കോർപ്പറേഷൻ നിയമനങ്ങളിൽ കൃത്യമായ ആലോചനകൾ നടന്നില്ലെങ്കിൽ മുതിർന്ന നേതാക്കൾ തന്നെ നേരിട്ട് പരസ്യപ്രതികരണത്തിന് തയ്യാറെടുക്കുമെന്നാണ് വിവരം.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന യുഡിഎഫ് കൺവീനർ അടൂർപ്രകാശ് എം പിക്കെതിരെ മന്ത്രി കെ മുരളീധരൻ രംഗത്തെത്തിയിട്ടുണ്ട്. ഒരാൾ നിരന്തരം മുഖ്യമന്ത്രിയെ വിമർശിക്കുന്നുണ്ടെങ്കിൽ പിന്നിൽ ആരോ ഉണ്ടെന്നാണ് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തിൽ പാർട്ടിയുടെ ദേശീയ നേതൃത്വം ഇടപെട്ട് കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ സുധാകരനെ പുകച്ചു പുറത്തുചാടിച്ചതുപോലെ തന്നെയും മാറ്റാൻ നീക്കം നടക്കുന്നതായി സംശയം തോന്നുന്നുണ്ടെന്നായിരുന്നു അടൂർപ്രകാശ് മുൻപ് വെളിപ്പെടുത്തിയത്. തന്നെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ഒരു ശ്രമം സോഷ്യൽ മീഡിയയിലടക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പിൽ 102 സീറ്റ് എന്ന ചരിത്രപരമായ നേട്ടം സ്വന്തമാക്കിയ യുഡിഎഫിന് തുടർച്ചയായി ഉണ്ടാകുന്ന ആഭ്യന്തരപ്രശ്നങ്ങൾ വലിയ തലവേദനയായിരിക്കുകയാണ്. സർക്കാർ അധികാരത്തിൽ വന്നതുമുതൽ പാർട്ടിയും മുഖ്യമന്ത്രിയും നിരന്തരം വിവാദങ്ങളിൽപ്പെടുന്ന സാഹചര്യമാണ് ഉള്ളത്.

See also  മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button