Kerala

കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്നത് കണ്ടിട്ടില്ല; അന്ന് മൊഴി നൽകിയത് വീണ പറഞ്ഞിട്ട്: ഗൺമാൻ്റെ മൊഴി

കണ്ണൂര്‍: മുന്‍ മന്ത്രി വീണാ ജോര്‍ജിനെ കുരുക്കിലാക്കി ഗണ്‍മാന്‌റെ പുതിയ മൊഴി. കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസ് സംബന്ധിച്ചാണ് പുതിയ വെളിപ്പെടുത്തല്‍. ആയുധമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയത് വീണ പറഞ്ഞിട്ടാണെന്നാണ് ഗണ്‍മാന്‍ അഭിലാഷ് പറയുന്നത്.

എസ്‌ഐടിക്കാണ് അഭിലാഷ് മൊഴി നല്‍കിയത്. വീണയെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് കണ്ടിട്ടില്ല. വീണ നിര്‍ദേശിച്ച പ്രകാരമാണ് റെയില്‍വേ പൊലീസിന് അന്ന് മൊഴി നല്‍കിയതെന്നും അഭിലാഷ് പറഞ്ഞു. അഭിലാഷിന്‌റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യം വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്. അഭിലാഷിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്‌ഐടി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും. തെറ്റായ മൊഴി നല്‍കിയത് ചൂണ്ടിക്കാട്ടിയാകും റിപ്പോര്‍ട്ട് നല്‍കുക.

കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഭരണ പ്രതിപക്ഷ വാദപ്രതിവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയായ കേസാണിത്. കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ചുമത്തിയതില്‍ ഉയര്‍ന്ന തലത്തിലുള്ള ഗൂഢാലോചന നടന്നതായി കെഎസ്‌യു ആരോപിച്ചിരുന്നു. ഇതിലടക്കമാണ് അന്വേഷണം.

വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ എസ്ഐടി അന്വേഷണം നടത്തുമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ആഭ്യന്തരവകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. കണ്ണൂര്‍ എംഎല്‍എ ടി ഒ മോഹനന്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി. കേസ് കെട്ടിച്ചമച്ചതെന്നാണ് എംഎല്‍എ പരാതിയില്‍ ആരോപിച്ചിരുന്നത്.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഈ വര്‍ഷം ഫെബ്രുവരി 25ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അന്നത്തെ ആരോഗ്യമന്ത്രി വീണജോര്‍ജിനെതിരെ കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. വധശ്രമം അടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയെങ്കിലും പിന്നീട് ഈ വകുപ്പ് എടുത്തുമാറ്റി. മാരകായുധങ്ങല്‍ ഉപയോഗിച്ച് ആക്രമിച്ചു എന്നായിരുന്നു ആദ്യഘട്ടത്തില്‍ മൊഴിയായി നല്‍കിയിരുന്നത്. എന്നാല്‍ സിസിടിവി അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

See also  കെഎസ്ആർടിസി ബസിൽ കടത്തിയ മൂന്ന് കിലോ കഞ്ചാവുമായി കൊല്ലത്ത് രണ്ട് പേർ പിടിയിൽ

Related Articles

Back to top button