Kerala

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; ഇഡി ഉന്നതതല യോഗം നാളെ കൊച്ചിയില്‍: നേതൃത്വം ചെന്നൈ സ്പെഷ്യല്‍ ഡയറക്ടർക്ക്

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാനിരിക്കെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗം നാളെ കൊച്ചിയില്‍ ചേരും. ചെന്നൈ സ്‌പെഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ഡല്‍ഹിയിലെ ഇ ഡി ആസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പിണറായിയെ ചോദ്യം ചെയ്യാനിരിക്കെയാണ് യോഗം ചേരുന്നത്. മറ്റ് കേസുകളുടെ അവലോകന യോഗവും രണ്ട് ദിവസമായി നടക്കും. സ്‌പെഷ്യല്‍ ഡയറക്ടര്‍ ഇന്ന് കൊച്ചിയില്‍ എത്തും.

ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച ഹാജരാകാനാവശ്യപ്പെട്ടാണ് പിണറായി വിജയന് ഇ ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്നാണ് പിണറായിക്ക് നേരത്തെ നിയമോപദേശം ലഭിച്ചത്. റിട്ട് പെറ്റീഷന്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ഹാജരാകേണ്ടെന്ന നിയമോപദേശമാണ് പിണറായിക്ക് ലഭിച്ചത്. മുന്‍കൂര്‍ ജാമ്യം ഈ ഘട്ടത്തില്‍ തേടേണ്ടന്നും നിര്‍ദേശമുണ്ടായിരുന്നു.

അതേസമയം, വിജിലന്‍സ് കേസില്‍ പിണറായി വിജയന് ഇന്ന് നിര്‍ണായകമാണ്. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയന്‍ നല്‍കിയ പ്രത്യേക അനുമതി അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ അറസ്റ്റ് തടയണമെന്ന ഇടക്കാല ആവശ്യവും പിണറായി വിജയന്‍ ഉന്നയിച്ചേക്കും. ടി വീണ, പി എ മുഹമ്മദ് റിയാസ് എന്നിവരുടെ ഹര്‍ജികളും കോടതിയുടെ പരിഗണനയിലുണ്ട്.

ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വി മോഹന എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ബെഞ്ച് ആണ് പ്രത്യേക അനുമതി അപ്പീല്‍ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് പ്രത്യേക അനുമതി ഹര്‍ജി പരിഗണിക്കുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം എന്നായിരുന്നു വിജിലന്‍സിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നല്‍കിയ നിര്‍ദ്ദേശം. ഇതിനെതിരെ അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള അനുമതി ഡിവിഷന്‍ ബഞ്ച് നിഷേധിച്ചു. തുടര്‍ന്നാണ് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ പ്രത്യേക അനുമതി അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്.

See also  മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരായ കേസിൽ വിചാരണ തുടങ്ങി

Related Articles

Back to top button