കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ജയബാലകൃഷ്ണന്റെ കുടുംബം

ഉന്നത സ്വാധീനമുള്ളതിനാല്‍ കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ചേരാനല്ലൂരില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ മകന്‍ ഓടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. പൊലീസ് സ്റ്റേഷനില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ക്ഷുഭിതനായി സംസാരിച്ചു. ഇടിച്ച വാഹനത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് മായ്ച്ചുകളയാന്‍ പൊലീസ് നിര്‍ബന്ധിച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു.
പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ വാഹനമോടിച്ച 17 കാരന്റെ പിതാവായ അഡിഷണല്‍ സെഷന്‍സ് ജഡ്ജി ക്ഷുഭിതനായിസംസാരിച്ചെന്ന് മരിച്ച ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍ പറയുന്നു. ഉന്നത സ്വാധീനമുള്ളതിനാല്‍ കേസട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ട്. നിയമ പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും കുടുംബം വ്യക്തമാക്കി.
17 വയസുകാരന് വണ്ടി കൊടുത്തുവിടാന്‍ പാടുണ്ടോ എന്ന ചോദ്യത്തിന് അഹങ്കാരത്തോടെയായിരുന്നു പിതാവിന്റെ മറുപടി. അഹങ്കാരം സഹിക്കാന്‍ പറ്റില്ല. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ എന്തിന് വണ്ടി കൊടുത്തുവിട്ടു. ആദ്യമായിട്ടാണ് വണ്ടി ഓടിച്ചതെന്ന് പറയുന്നു. ഇതുവരെ കൊടുത്തിട്ടില്ല എന്നും പറയുന്നു. മൂന്ന് മക്കളുടെ അച്ഛനാണ് മരിച്ചത്. ഞങ്ങള്‍ നടപടിയുമായി മുന്നോട്ട് പോകും. നിങ്ങള്‍ ചോദ്യം ചെയ്യണ്ട എന്ന് പറഞ്ഞു. ഞങ്ങളെ തല്ലാന്‍ എന്ന രീതിയില്‍ മുഷ്ടി ചുരുട്ടിയാണ് അടുത്തേക്ക് വന്നത് – ബന്ധു പറഞ്ഞു.
അപകടം ഉണ്ടാക്കിയ വാഹനത്തിന്റെ ദൃശ്യങ്ങള്‍ എടുത്തത് പൊലീസ് തന്നെ ഡിലീറ്റ് ചെയ്യിപ്പിച്ചു എന്ന് മരിച്ച ജയപാലകൃഷ്ണന്റെ സഹോദരന്‍ സെല്‍വരാജ് ആരോപിച്ചു. ദൃശ്യങ്ങള്‍ എടുക്കാന്‍ പാടില്ല എന്ന് ജഡ്ജിയും പറഞ്ഞു.
അന്വേഷണം കൃത്യമായി തന്നെ നടക്കുമെന്നാണ് പൊലീസ് നിലപാട്. ലൈസന്‍സ് ഇല്ലാത്ത മകന് വാഹനമോടിക്കാന്‍ നല്‍കിയതില്‍ അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ കേസ് എടുക്കാന്‍ സാധ്യതയുണ്ട്.



