Kerala

പിഎസ്‌സി അംഗങ്ങളെ പുറത്താക്കണമെന്ന ശിപാര്‍ശ; ഗവണ്‍മെന്റിനെ അറിയിച്ചിട്ടല്ല ഗവര്‍ണര്‍ കത്ത് കൊടുത്തത്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പിഎസ്‌സി അംഗങ്ങളെ പുറത്താക്കണമെന്ന രാഷ്ട്രപതിയ്ക്കുള്ള ഗവര്‍ണറുടെ ശിപാര്‍ശയെക്കുറിച്ച് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിഎസ്‌സിക്ക് എതിരെ ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ട്. കോടതിയുടെ വിമര്‍ശനത്തെ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നു. പിഎസ്സി യുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഗവര്‍ണറുടെ നീക്കത്തെ കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നും പരിശോധിച്ച ശേഷമേ അതേകുറിച്ച് കൂടുതല്‍ പറയാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ഗവണ്‍മെന്റിനെ അറിയിച്ചിട്ടല്ല ഗവര്‍ണര്‍ കത്ത് കൊടുത്തത്. നമുക്ക് അറിയാത്ത കാര്യമാണ് – അദ്ദേഹം പറഞ്ഞു.

പിഎസ്‌സിയിലെ നിയമനങ്ങള്‍ സംബന്ധിച്ചുള്ള ക്രമക്കേടുകള്‍ കണ്ടെത്തി അതിനുത്തരവാദികളായ ആളുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും ഒരു വിട്ടുവീഴ്ചയും ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകും. കോടതി പറഞ്ഞ കാര്യങ്ങള്‍ ഞങ്ങളുടെ മനസിലുണ്ട്. പല കാരണങ്ങള്‍ കൊണ്ടാകാം അന്വേഷണം അല്‍പം താമസമുണ്ടായത്. അഴിമതി നടന്നു എന്നുള്ളത് വളരെ വ്യക്തമാണ്. അഴിമതിക്ക് നേതൃത്വം കൊടുത്തത് ആരാണെങ്കിലും അവരുടെ പേരില്‍ ശക്തമായ നടപടി പൊലീസും ആഭ്യന്തര വകുപ്പും സ്വീകരിക്കും – അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലേക്ക് സ്ഥലം മാറി പോകുന്നതിന് ഒരാഴ്ച മുമ്പാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജു ഉള്‍പ്പെടെ 16 അംഗങ്ങളെയും പുറത്താക്കാന്‍ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്തത്. സംസ്ഥാന ചരിത്രത്തില്‍ ഇത്തരമൊരു നടപടി ഇതാദ്യമാണ്. ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ ഉള്‍പ്പെടെ പിഎസ്‌സിക്ക് എതിരെ ലഭിച്ച പരാതികളില്‍ ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. പിഎസ്‌സി ആഭ്യന്തര വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടും ലോക്ഭവന്‍ പരിശോധിച്ചു. ഇവയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കിയത്. യുവമോര്‍ച്ചയും എബിവിപിയും നല്‍കിയ പരാതികളും ശിപാര്‍ശക്കൊപ്പം രാഷ്ട്രപതിക്ക് കൈമാറിയിട്ടുണ്ട്.

See also  ഹേമ കമ്മിറ്റി റിപ്പോർട്ടിൽ 33 കേസുകൾ എടുത്തെന്ന് സർക്കാർ; നാല് കേസുകൾ അവസാനിപ്പിച്ചു

Related Articles

Back to top button