പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം തുടർന്ന് ജയബാലകൃഷ്ണന്റെ കുടുംബം

കൊച്ചി ∙ ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാർ ഇടിച്ച് ജയബാലകൃഷ്ണൻ (55) കൊല്ലപ്പെട്ട കേസിൽ പ്രതിഷേധം തുടർന്ന് കുടുംബം. കാറുടമയായ പതിനേഴുകാരന്റെ പിതാവിനെ സസ്പെൻഡ് ചെയ്യണം, പ്രതിയുടെ ജാമ്യം റദ്ദാക്കണം, പ്രതിയുടെ ഫോട്ടോ എടുത്തത് ബലമായി ഡിലീറ്റ് ചെയ്യിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മരിച്ച ജയബാലകൃഷ്ണന്റെ മക്കൾ അടക്കമുള്ളവർ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കുന്നത്. കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്.
നേരത്തെ കുടുംബം അടക്കം നടത്തിയ പ്രതിഷേധത്തിനൊടുവിൽ പതിനേഴുകാരന്റെ പിതാവായ അഡീഷനൽ ജില്ലാ ജഡ്ജിക്കെതിരെ പൊലീസ് മോട്ടർ വാഹന നിയമം 199 അനുസരിച്ച് കേസെടുത്തിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്ത മകനെ വാഹനമോടിക്കാൻ അനുവദിക്കുകയും ആ വാഹനമോടിച്ച് ഒരാൾ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പിതാവിനെ സസ്പെൻഡ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതിക്ക് നൽകിയ ജാമ്യം റദ്ദാക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയെ സമീപിക്കുമെന്ന് ഇന്ന് രാവിലെ പൊലീസ് കമ്മിഷണർ പറഞ്ഞിരുന്നു. ഹൈക്കോടതിയും വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.
മരിച്ചയാളുടെ ബന്ധു എടുത്ത പ്രതിയുടെ ചിത്രം ജഡ്ജിക്കൊപ്പം വന്നവർ പൊലീസിന്റെ സഹായത്തോടെ ഡിലീറ്റ് ചെയ്യിപ്പിച്ചെന്ന് കുടുംബം ആരോപിക്കുന്നു. 17കാരനെ വാഹനം ഓടിക്കാൻ അനുവദിച്ചത് എന്തിനെന്ന് കുടുംബം ചോദിച്ചപ്പോൾ നിങ്ങളെന്നെ നിയമം പഠിപ്പിക്കേണ്ട എന്നാണ് ജഡ്ജി പറഞ്ഞതെന്ന് കുടുംബം പറയുന്നു. തട്ടുകടക്കാരുടെ മക്കൾ ആയതുകൊണ്ട് പണവും സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെടാം എന്നാണ് കരുതുന്നത് എങ്കിൽ അനുവദിക്കില്ലെന്നും മകൾ ഭദ്ര കീർത്തി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിഷേധം നടത്തുന്നവരോട് ഡിസിപി അരുൺ കെ.പവിത്രൻ ചർച്ച നടത്തുകയും പൊലീസ് സ്വീകരിച്ച നടപടികൾ വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ തെളിവുകൾ ഇല്ലാതാക്കാനാണ് പൊലീസ് ശ്രമിക്കുന്നത് എന്നാണ് കുടുംബത്തിന്റെ ആരോപണം. പൊലീസ് സ്റ്റേഷനിലേക്ക് രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.



