Kerala

കൊല്ലങ്കോട്-തൃശ്ശൂർ റെയിൽപ്പാത പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു; സാമ്പത്തിക നേട്ടമില്ലെന്ന് റെയിൽവേ

തൃശൂർ: ദക്ഷിണ കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത സാധ്യതയായി അവതരിപ്പിച്ച കൊല്ലങ്കോട്-തൃശൂർ റെയിൽപ്പാത പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു.

യാത്രാ, ചരക്ക് ഗതാഗത സാധ്യതകൾ കുറവാണെന്ന വിലയിരുത്തലിലാണ് പദ്ധതി റെയിൽവേ മന്ത്രാലയം തള്ളിയത്. പാർലമെന്‍റിൽ കെ. രാധാകൃഷ്ണൻ എംപി ഉന്നയിച്ച നോട്ടീസിന് മറുപടിയായാണ് റെയിൽവേ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

കൊല്ലങ്കോടിനെയും തൃശൂരിനെയും നേരിട്ട് ബന്ധിപ്പിച്ചുകൊണ്ട് 59 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപ്പാതയ്ക്കായി പ്രാഥമിക സാധ്യതാ പഠനം നടത്തിയിരുന്നു.

എന്നാൽ ഈ പാതയിലൂടെ പ്രതീക്ഷിക്കുന്ന യാത്രാ സാന്നിധ്യവും ചരക്കുനീക്കവും പദ്ധതിക്ക് അനുമതി നൽകാൻ തക്കവിധം പര്യാപ്തമല്ലെന്നാണ് പഠനത്തിൽ വ്യക്തമായതായും വൻ തുക മുടക്കി പുതിയ പാത നിർമിക്കുന്നതിന് തക്കതായ സാമ്പത്തിക അല്ലെങ്കിൽ ഗതാഗത നേട്ടം പദ്ധതിക്കുണ്ടാവില്ലെന്നും സഭയിൽ റെയിൽവേ മന്ത്രി വ്യക്തമാക്കി.

ദീർഘകാലമായി മലബാർ, മധ്യകേരള മേഖലകളിലെ യാത്രക്കാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്ന പ്രധാന വികസന പദ്ധതികളിലൊന്നായിരുന്നു കൊല്ലങ്കോട്-തൃശൂർ റെയിൽപ്പാത. എന്നാൽ പദ്ധതിയിൽ നിന്ന് റെയിൽവേ മന്ത്രാലയം പിന്മാറിയതോടെ പ്രദേശവാസികളുടെ നീണ്ട കാത്തിരിപ്പാണ് അവസാനിക്കുന്നത്.

See also  സർക്കാർ അനുമതിയില്ലാതെ ബിയര്‍ വൈൻ പാര്‍ലറുകൾക്ക് അനുമതി; രണ്ട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ

Related Articles

Back to top button