വി.ഡി. സതീശനെ വെട്ടിനിരത്താനുള്ള കെ.സി. വേണുഗോപാലിന്റെ തന്ത്രമാണോ എന്ന് വ്യക്തമാക്കണം: കേന്ദ്രമന്ത്രി ശോഭ കരന്തലജെ

തിരുവനന്തപുരം: എസ്ഐആർ വിഷയത്തിൽ കോൺഗ്രസും പ്രതിപക്ഷവും രാജ്യത്ത് രാഷ്ട്രീയ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ. എസ്ഐആർ വിവാദത്തിന്റെ മറവിൽ കോൺഗ്രസിനുള്ളിൽ പുതിയ അധികാരപ്പോരിന് കളമൊരുങ്ങുകയാണോ എന്നും, വി.ഡി. സതീശൻ ഉൾപ്പെടെയുള്ള സർക്കാരുകളെ ‘ഇല്ലീഗൽ’ എന്ന് വിശേഷിപ്പിക്കുന്ന പരാമർശം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെക്കൊണ്ട് നടത്തിച്ചതിന് പിന്നിൽ കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയ നീക്കമാണോ എന്നും മന്ത്രി ചോദിച്ചു. സതീശനെ രാഷ്ട്രീയമായി ദുർബലപ്പെടുത്താനുള്ള ഡൽഹിയിലെ നീക്കത്തിന്റെ ഭാഗമാണോ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു എന്നും മന്ത്രി.
വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള ഭരണഘടനാപരമായ നടപടിയാണ് സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ). വീടുതോറുമുള്ള പരിശോധനയിലൂടെ മരണപ്പെട്ടവരുടെയും താമസം മാറിയവരുടെയും ഒന്നിലധികം സ്ഥലങ്ങളിൽ പേരുള്ളവരുടെയും വിവരങ്ങൾ പരിശോധിച്ച് അർഹരായ വോട്ടർമാരെ ഉൾപ്പെടുത്തി വോട്ടർപട്ടിക പരിഷ്കരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. രാജ്യത്ത് ആദ്യമായല്ല എസ്ഐആർ നടപ്പാക്കുന്നത്. 1952 മുതൽ വിവിധ ഘട്ടങ്ങളിലായി 12 തവണ ഈ നടപടികൾ നടന്നിട്ടുണ്ട്. ഇതിൽ പത്ത് തവണയും കോൺഗ്രസ് ഭരണകാലത്തായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ സമഗ്രമായ വോട്ടർപട്ടിക പരിശോധന നടക്കാത്ത സാഹചര്യത്തിൽ ഇപ്പോഴത്തെ നടപടി അനിവാര്യമാണ്.
കേരളത്തിലും എസ്ഐആർ നടപടികൾക്കുശേഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് ഈ നടപടിയുടെ ഭാഗമായി തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഇപ്പോൾ അതിനെതിരെ രാഷ്ട്രീയ പ്രതിഷേധവുമായി രംഗത്തുവരുന്നതിലെ വൈരുധ്യം കോൺഗ്രസ് വിശദീകരിക്കണം. എസ്ഐആറിന്റെ ഗുണദോഷങ്ങൾ ചർച്ച ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ വോട്ടർപട്ടിക പരിഷ്കരിക്കുന്ന നടപടിയെ ജനാധിപത്യവിരുദ്ധമായി ചിത്രീകരിച്ച് ജനങ്ങളിൽ ആശങ്കയും അരാജകത്വവും സൃഷ്ടിക്കുന്നത് ശരിയല്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തപ്പെട്ട നടപടികളെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി വിവാദമാക്കരുത്.
ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. എന്നാൽ രാഷ്ട്രീയ നേട്ടത്തിനും അധികാരത്തിനും പ്രധാനമന്ത്രി പദത്തിനും വേണ്ടി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കങ്ങൾ അംഗീകരിക്കാനാവില്ല. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളും പോരാട്ടങ്ങളും രാജ്യം മറന്നിട്ടില്ല. സ്വാതന്ത്ര്യം നേടി എട്ട് പതിറ്റാണ്ട് പിന്നിടുന്ന ഈ ഘട്ടത്തിലും ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ ആശങ്കാജനകമാണെന്നും മന്ത്രി പറഞ്ഞു.



