Kerala

ചെയർമാൻ എം.ആർ ബൈജു ഇന്ന് എസ്ഐടിക്ക് മുന്നിൽ ഹാജരായേക്കും

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടത്തിയ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിഎസ്‌സി ചെയർമാൻ എം.ആർ ബൈജു ഇന്ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായേക്കും. ഹാജരാകുന്നതിനുള്ള അസൗകര്യം അദ്ദേഹം ഇതുവരെ അന്വേഷണസംഘത്തെ അറിയിച്ചിട്ടില്ലാത്തതിനാൽ ബൈജു ഹാജരാകുമെന്ന കണക്കുകൂട്ടലിലാണ് ക്രൈംബ്രാഞ്ച്.

നേരത്തെ ഒരുതവണ അദ്ദേഹം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ബുധനാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല. ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വന്നശേഷം മാത്രം ഹാജരായാൽ മതിയെന്ന നിലപാടിലായിരുന്നു പിഎസ്‌സി ചെയർമാൻ. എന്നാൽ ഇന്ന് അദ്ദേഹം എത്തിയില്ലെങ്കിൽ അക്കാര്യം ഹൈക്കോടതിയെ അറിയിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

പിഎസ്‌സി അംഗങ്ങളിൽ അഞ്ച് പേരുടെ ചോദ്യം ചെയ്യൽ കൂടി പൂർത്തിയാകാനുണ്ട്. പിഎസ്‌സി വനിതാ അംഗങ്ങളെ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തില്ല. വനിതാ അംഗങ്ങളുടെ മൊഴി പിഎസ്‌സി ആസ്ഥാനത്തെത്തി രേഖപ്പെടുത്താനാണ് തീരുമാനം. ഇതിനായി പ്രത്യേക അന്വേഷണസംഘം പിഎസ്‌സി ഓഫീസിൽ എത്തും. ചെയർമാനെയും മറ്റ് അംഗങ്ങളെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയിരുന്നു.

See also  ഗ്യാനേഷ് കുമാർ ഏറ്റവും വലിയ യൂദാസ്, നമ്പർ വൺ ക്രിമിനൽ; രാജ്യം വിറ്റു തുലയ്ക്കാനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നു: കെ.സി. വേണു​ഗോപാൽ

Related Articles

Back to top button