Kerala

നൈജീരിയൻ ലഹരി സംഘങ്ങളുമായി അടുത്ത ബന്ധം; കർണാടകയിൽ 6 ഏക്കർ വാഴത്തോട്ടം: ഡാനി ലഹരിക്കടത്ത് തുടങ്ങിയത് മൂന്ന് വർഷം മുൻപ്

കൊച്ചി: വാഴക്കുലയ്ക്കുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്തിയ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡാനി ഭായ് എന്ന ധനേഷ് എസ്. നായർക്ക് (31) നൈജീരിയൻ ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ്. മൂന്ന് വർഷം മുൻപാണ് ഇയാൾ എംഡിഎംഎ കടത്ത് ആരംഭിച്ചത്. കർണാടകയിൽ സ്വന്തമായി 6 ഏക്കർ വാഴത്തോട്ടമുള്ള ധനേഷിന് കേരളത്തിൽ വിപുലമായ നെറ്റ്‌വർക്ക് ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

ലഹരിക്കടത്തിനു വേണ്ടി ഇൻസ്റ്റഗ്രാം മുഖേനയാണ് ഇയാൾ ആശയവിനിമയം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊച്ചിയിൽ സ്ഥിരതാമസക്കാരനായ ധനേഷിന് മധ‍്യകേരളത്തിൽ വിവിധ ജില്ലകളിൽ ഏജന്‍റുമാരുണ്ട്. 2023ൽ സംസ്ഥാന സർക്കാരിന്‍റെ യുവ കർഷകനുള്ള അവാർഡ് നേടിയയാളാണ് ധനേഷ്. നിരവധി തവണ വാഴക്കുലയിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്.

ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിൽ നിന്നുമാണ് ധനേഷ് പ്രധാനമായും ലഹരി മരുന്ന് ശേഖരിച്ചിരുന്നത്. ഹരിപ്പാട് സ്വദേശിയായ ധനേഷ് കഴിഞ്ഞ ദിവസം അങ്കമാലിയിൽ വച്ചാണ് പൊലീസിന്‍റെ പിടിയിലായത്. 803 ഗ്രാം ഹാഷിഷ് ഓയിലും 8 ഗ്രാം എംഡിഎംഎയും ഇയാളിൽ നിന്നും പിടിച്ചെടുത്തു. ആലുവയിൽ 185 ഗ്രാം എംഡിഎംഎയുമായി ഞായറാഴ്ച അറസ്റ്റിലായ ഹരികൃഷ്ണന്‍റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്നാണ് ധനേഷിനെക്കുറിച്ച് വിവരം കിട്ടിയത്.

See also  16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

Related Articles

Back to top button