Kerala

മയില്‍പ്പീലി പരീക്ഷ: ‘സർക്കാർ നീങ്ങിയത് അനുകൂല വിധി നേടാനാകുമെന്ന മുൻധാരണയോടെ’; രൂക്ഷവിമർശനവുമായി പിണറായി വിജയൻ

ബാലഗോകുലം മാസികയായ മയില്‍പ്പീലിയുടെ സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മയില്‍പ്പീലി പരീക്ഷ പൊതുവിദ്യാലയങ്ങളില്‍ നടത്താന്‍ അനുമതി നല്‍കുന്ന കോടതി ഉത്തരവ് സാധ്യമായത് പൊതുവിദ്യാഭ്യാസ മേഖല സംഘപരിവാറിന് തീറെഴുതാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ അജണ്ടയുടെ ഫലമായാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആദ്യം അനുമതി നല്‍കിയതിന് ശേഷം പിന്നീടത് റദ്ദ് ചെയ്തത് എന്തിനെന്നായിരുന്നു ഹൈക്കോടതി ചോദിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അനുമതി ആദ്യം നല്‍കി, പിന്നീടത് നിഷേധിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു. കോടതിയില്‍ പരീക്ഷ നടത്തിപ്പിന് അനുകൂല വിധി നേടാനാകുമെന്ന മുന്‍ധാരണയോടെയാണ് സര്‍ക്കാര്‍ നീങ്ങിയതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

മയില്‍പ്പീലി പരീക്ഷ സംഘടിപ്പിക്കുന്ന ദേശീയ അധ്യാപക പരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷനിലെ അംഗമായി യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചത് ഇതിന് പിന്നിലെ ഗൂഢാലോചന കൂടുതല്‍ വ്യക്തമാക്കുന്നു. അതിന് അല്‍പം മുന്‍പാണ് കരിക്കുലം കമ്മിറ്റിയില്‍ ബിജെപി പ്രതിനിധിയെ നിയമിച്ചത്. വിദ്യാഭ്യാസമേഖലയെ കൈപ്പിടിയിലാക്കാന്‍ ആര്‍എസ്എസ് നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കേരളം ഉയര്‍ത്തിയ പ്രതിരോധങ്ങളെല്ലാം യുഡിഎഫ് സര്‍ക്കാര്‍ തകര്‍ക്കുകയാണ്. സര്‍വ്വകലാശാലകള്‍ മുതല്‍ പൊതുവിദ്യാഭ്യാസം വരെ സകലതും കാവിവല്‍ക്കരിക്കാന്‍ ഒത്താശ ചെയ്യുകയാണ്. അതിശക്തമായ പ്രതിഷേധം ഇതിനെതിരെ ഉണ്ടാകേണ്ടതുണ്ട്. ഈ നാടിന്റെ ജനാധിപത്യ മതേതര ശബ്ദം നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി ഉച്ചത്തില്‍ ഉയരണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് പരീക്ഷ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. പരീക്ഷ നടത്താന്‍ എന്‍ടിയുവിന് ഹൈക്കോടതി അനുമതി നല്‍കുകയും ചെയ്തിരുന്നു. ഫലം പ്രഖ്യാപിക്കരുതെന്നും സംസ്ഥാനതല പരീക്ഷ നടത്തരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പരീക്ഷ അനുമതി പിന്‍വലിച്ച നടപടി ഏകപക്ഷീയമാണെന്നായിരുന്നു എന്‍ടിയുവിന്റെ വാദം.

നേരത്തേ മയില്‍പ്പീലി യങ് സ്‌കോഷര്‍ഷിപ്പ് പരീക്ഷ വിവാദമായതോടെ പരീക്ഷ നടത്തിപ്പിനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനെതിരെ ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബാലഗോകുലത്തിന്റെ മാസികയായ മയില്‍പ്പീലിയും ദേശീയ അധ്യാപക പരിഷത്തും സംയുക്തമായാണ് ‘യങ് സ്‌കോളര്‍ എക്‌സാം 2026’ എന്ന പേരില്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ സര്‍ക്കാരിനോട് അനുമതി തേടിയത്. ഒക്ടോബര്‍ 12ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍ പരീക്ഷയ്ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ മന്ത്രി അറിയാതെയാണ് അനുമതി നല്‍കിയതെന്ന വിവരം പുറത്തുവന്നതോടെ സംഭവം വിവാദമായി. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് പരീക്ഷ റദ്ദാക്കി. ഇതിന് പുറമേ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.

See also  വയനാട് വീണ്ടും കാട്ടാന ആക്രമണം; തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു

പരീക്ഷ നടത്താന്‍ അനുമതി നല്‍കിയത് ഉദ്യോഗസ്ഥ തലത്തിലെ പിഴവ് എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ പരീക്ഷാ അനുമതി പിന്‍വലിച്ചതില്‍ നോട്ടീസോ കാരണം ബോധിപ്പിക്കലോ ഉണ്ടായിട്ടില്ലെന്നായിരുന്നു എന്‍ടിയു ഹൈക്കോടതിയെ അറിയിച്ചത്. പരാതി ഉയര്‍ന്നപ്പോള്‍ അനുമതി പിന്‍വലിക്കുകയായിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആദ്യം പരീക്ഷയ്ക്ക് അനുമതി നല്‍കിയതല്ലേ എന്ന് ചോദിച്ച ഹൈക്കോടതി, പരീക്ഷ നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Back to top button