രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകൾ: രണ്ട് കേസുകളിൽ കരട് കുറ്റപത്രം തയ്യാറായി; നിയമോപദേശത്തിന് കൈമാറി

തിരുവനന്തപുരം: പാലക്കാട് മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കരട് കുറ്റപത്രം തയ്യാറാക്കി. രണ്ട് കേസുകളിലെയും അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് പൊലീസ് കരട് കുറ്റപത്രം തയ്യാറാക്കി നിയമോപദേശത്തിനായി കൈമാറിയത്.
ബലാത്സംഗം, നിർബന്ധിത ഭ്രൂണഹത്യ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. നിയമോപദേശം ലഭിച്ചശേഷം ആവശ്യമായ തിരുത്തലുകൾ വരുത്തി ഉടൻ തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഗർഭച്ഛിദ്രത്തിന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലും, വിവാഹവാഗ്ദാനം നൽകി മറ്റൊരു യുവതിയെ പീഡിപ്പിച്ചെന്ന കേസിലുമാണ് ഇപ്പോൾ കരട് കുറ്റപത്രം തയ്യാറായിരിക്കുന്നത്. രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിൽ അന്വേഷണസംഘം നേരത്തെ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
കേന്ദ്ര ഡെപ്യൂട്ടേഷനായതോടെ ജി പൂങ്കുഴലി SIT ചുമതല ഒഴിഞ്ഞിരുന്നു. കുറ്റപത്രം തയ്യാറായ സാഹചര്യത്തിൽ പകരം മറ്റൊരാൾക്ക് അന്വേഷണച്ചുമതല നൽകേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



