Kerala

​‘100% ശുദ്ധമായ പെട്രോൾ നൽകരുത്’: എഥനോൾ സാന്നിധ്യം പരിശോധിക്കാനുള്ള കേരളത്തിന്റെ നീക്കത്തിന് തടയിട്ട് കേന്ദ്രം; പരിശോധന പ്രതിസന്ധിയിൽ

സംസ്ഥാനത്തെ പെട്രോളില്‍ എഥനോളിന്റെ സാനിധ്യം കണ്ടുപിടിക്കാനുള്ള പരിശോധനയെ പ്രതിസന്ധിയിലാക്കി കേന്ദ്രം. ശുദ്ധമായ പെട്രോള്‍ പരിശോധയയ്ക്ക് നല്‍കേണ്ട എന്നാണ് എണ്ണ കമ്പനികള്‍ക്ക് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ശേഖരിച്ച സാമ്പിളുകളുടെ കാലാവധി 18 ദിവസത്തിനകം കഴിയുമെന്ന് മുന്‍കൂട്ടി കണ്ടാണ് കേന്ദ്രം പരിശോധന വഴിമുട്ടിച്ചത്. ശുദ്ധമായ പെട്രോള്‍ ആവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ അയച്ച മെയിലിലാണ് എണ്ണ കമ്പനികളുടെ മറുപടി.

പെട്രോളിലെ എഥനോളിന്റെ സാന്നിധ്യം ആദ്യമായി പരിശോധിച്ചത് കര്‍ണാടക സര്‍ക്കാരാണ്. ഇതിന്റ പെരിശോധനാ ഫലം കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് നല്‍കിയപ്പോള്‍ അത് പൂര്‍ണമായും തള്ളുന്ന സാഹചര്യമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. 100% ശുദ്ധമായ പെട്രോളുമായി യാതൊരു സാമ്യവും നിലവില്‍ വന്നിട്ടുള്ള ഫലത്തിന് ഇല്ല എന്നായിരുന്നു അന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഫലം തള്ളിക്കൊണ്ട് നല്‍കിയിരുന്ന വിശദീകരണം. അതിന് പിന്നാലെയാണ് കേരളത്തിലും പെട്രോളില്‍ പരിശോധന നടത്തിയിരുന്നത്. രണ്ട് രീതിയിലുള്ള മെത്തേഡ് അവലംബിക്കാനായിരുന്നു സംസ്ഥാന ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിരുന്നത്. പരമ്പരാഗത രീതിയിലും ഇന്‍സ്ട്രുമെന്റ് രീതിയിലുമാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇതിലാണ് ഇപ്പോള്‍ കേന്ദ്രം വിലങ്ങുതടിയായി മാറിയിരിക്കുന്നത്.

സംസ്ഥാനത്തെ റിഫൈനറികളില്‍ നിന്ന് ശുദ്ധമായ പെട്രോള്‍ ആവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് കത്ത് നല്‍കിയിരുന്നു. സിവില്‍ സപ്ലൈസ് കമ്മീഷണറാണ് ഇത് സംബന്ധിച്ച കത്ത് നല്‍കിയിരുന്നത്. ആദ്യം ഇതിന് മറുപടി നല്‍കിയിരുന്നില്ല. എന്നാല്‍ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കൊടുവിലാണ് എണ്ണ കമ്പനികള്‍ 100% പെട്രോള്‍ നല്‍കുന്നതില്‍ കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു എന്ന് മറുപടി ന്ല്‍കുന്നത്. ഇതുമൂലം ഇനി പരമ്പരാഗത രീതിയില്‍ മാത്രമേ ലാബുകളില്‍ എത്തിയിരിക്കുന്ന പെട്രോള്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സാധിക്കൂ എന്നാണ് ഭക്ഷ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നിന്നായി 13 പമ്പുകളില്‍ നിന്നാണ് സാമ്പിളുകള്‍ എടുത്തിരിക്കുന്നത്. ഇത് പരിശോധിക്കാന്‍ 100% ശുദ്ധമായ പെട്രോള്‍ കൂടി ആവശ്യമാണ്. ഗ്യാസ് ക്രൊമെറ്റോഗ്രാഫി പിശോധയിലൂടെ പമ്പുകളില്‍ വിതരണം ചെയ്യുന്ന പെട്രോളില്‍ എത്ര ശതമാനം എഥനോള്‍ ഉണ്ടെന്ന് ഇതിലൂടെ അറിയാന്‍ സാധിക്കുമായിരുന്നു. അങ്ങനെ കഴിഞ്ഞാല്‍ കര്‍ണാടകയ്ക്ക് സംഭവിച്ച പിഴവ് കൂടി കേരളത്തിലെ പരിശോധനയിലൂടെ തിരുത്താന്‍ സാധിക്കുകയും ചെയ്യുമായിരുന്നു. ഇത് മുന്‍കൂട്ടി കണ്ടാണ് കേന്ദ്രം ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം എണ്ണ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്.

Related Articles

Back to top button