Kerala

എ ഗ്രൂപ്പിന്റെ പരാതിയിൽ വിശദീകരണം നൽകാൻ വി.ഡി, കെ.സി വിഭാഗങ്ങൾ; ഹൈക്കമാൻഡിന് പ്രത്യേക പരാതിയൊന്നുമില്ലെന്ന് റിപ്പോർട്ട്

കോൺഗ്രസിലെ വി.ഡി, കെ.സി വിഭാഗങ്ങൾ ഹൈക്കമാൻഡിന് പ്രത്യേകം പരാതി നൽകിയേക്കില്ല. എ ഗ്രൂപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കമാൻഡ് ഇടപെടുമ്പോൾ വിശദീകരണം നൽകാനാണ് ധാരണ. മുഖ്യമന്ത്രി രാഹുൽ ഗാന്ധിയുമായും കോൺഗ്രസ് അധ്യക്ഷനുമായും നേരിട്ട് ആശയ വിനിമയം നടത്തുന്നയാൾ ഹൈക്കമാൻഡിന് മുന്നിൽ നേരിട്ട് പരാതി പറയുന്നതിൽ കെ.സി പക്ഷത്തിനും താല്പര്യമില്ല.

എ ഗ്രൂപ്പിന്റെ പരാതിക്ക് പിന്നിൽ കെ.സി വേണുഗോപാൽ വിഭാഗത്തിന്റെ ഇടപെടലുണ്ടോ എന്ന് വി.ഡി സതീശൻ പക്ഷത്തിന് സംശയമുണ്ട്. താൻ രാഹുൽ ഗാന്ധി, എഐസിസി നേതൃത്വം എന്നിവരുമായി പാർട്ടിയുടെയും സർക്കാരിന്റെയും കാര്യങ്ങൾ കൃത്യമായി സംസാരിക്കാറുണ്ടെന്നും, തനിക്ക് ഹൈക്കമാൻഡിന് മുന്നിൽ തന്റെ നിലപാട് വ്യക്തമാക്കാൻ കഴിയുമെന്നുമാണ് വി.ഡി സതീശൻ പക്ഷത്തിന്റെ നിലപാട്.

ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാൻഡിനെ തങ്ങളുടെ പരാതി അറിയിച്ചിരുന്നു. മല്ലികാർജുൻ ഖാർ​ഗെയ്ക്ക് മുമ്പിലാണ് പരാതിയെത്തിയിരിക്കുന്നത്. മുതിർന്ന നേതാക്കളായ ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ എന്നിവർ എഐസിസി അധ്യക്ഷനെ നേരിൽ കണ്ടാണ് പാർട്ടിയിലെ നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ചത്.

സംസ്ഥാനത്ത് പാർട്ടിയും സർക്കാരും തമ്മിൽ കൃത്യമായ ഏകോപനമില്ലെന്ന് പരാതിയിൽ നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ, പാർട്ടിയിൽ മതിയായ കൂടിയാലോചനകളില്ലാതെയാണ് പല പ്രധാന തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്നും എ ഗ്രൂപ്പ് നേതാക്കൾ പരാതിപ്പെട്ടിരിക്കുന്നത്. സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി മുഴുവൻസമയ കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്ന പ്രധാന ആവശ്യവും കൂടിക്കാഴ്ചയിൽ ഇവർ ഹൈക്കമാൻഡിന് മുന്നിൽ വെച്ചിട്ടുണ്ട്.

കോൺഗ്രസിൽ ഒരു കാലത്ത് സജീവമായിരുന്ന ഗ്രൂപ്പ് പോര് ഇടക്കാലത്ത് തണുത്തിരുന്നു. എന്നാൽ വീണ്ടും ഗ്രൂപ്പ് പോര് സജീവമാവുകയാണ്. വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ടും പിന്നാലെ നടന്ന മന്ത്രിസഭാ യോഗത്തിലും മന്ത്രിമാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ജനാധിപത്യത്തിന്റെ മനോഹാരിത എന്ന് വ്യാഖ്യാനിച്ചുകൊണ്ട് മുഖ്യമന്ത്രി അതിനെ ലഘൂകകരിച്ചു.

തെരഞ്ഞെടുപ്പിൻ്റെ ഘട്ടത്തിൽ ഗ്രൂപ്പുകളുടെ പുതിയ സമവാക്യം രൂപപ്പെട്ടിരുന്നു. വി.ഡി പക്ഷം എന്ന ഒരു പക്ഷമുണ്ടായി. പണ്ട് വിശാല ഐ ഗ്രൂപ്പിൻ്റെ ഭാഗമായിരുന്ന കെ.സി വേണുഗോപാൽ എഐസിസി ജനറൽ സെക്രട്ടറിയായതിന് ശേഷം അദ്ദേഹത്തെ കേന്ദ്രീകരിച്ച് ഒരു പക്ഷം രൂപംകൊണ്ടു. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിന് ശേഷം എ ഗ്രൂപ്പിൽ നേതൃത്വത്തിൻ്റെ അഭാവമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് അവർ കെ.സി പക്ഷവുമായി സഹകരിക്കാനാണ് തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ വീണ്ടും തിരിച്ചുവന്ന് എ ഗ്രൂപ്പായി തന്നെ നിലകൊള്ളുകയാണ്. രമേശ് ചെന്നിത്തലയുടെ വിശാല ഐ ഗ്രൂപ്പ്, ഐ ഗ്രൂപ്പായി തന്നെ മുന്നോട്ടുപോകുന്നു.

See also  അൻവറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി

ഈ ഘട്ടത്തിൽ വി.ഡി പക്ഷം ഉന്നയിക്കുന്ന ആരോപണം, കെ.സി പക്ഷവും എ ഗ്രൂപ്പും മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കുന്നില്ല എന്നാണ്. മാത്രമല്ല ചെറിയ തർക്കങ്ങളെ പർവ്വതീകരിച്ചുകൊണ്ട് കോൺഗ്രസിനകത്തും സർക്കാരിനകത്തും ആകെ പ്രശ്നമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നുവെന്നും അവർ ആരോപിക്കുന്നു. മന്ത്രിസഭയിലെ വിവരങ്ങൾ വരെ പുറത്തേക്ക് ചോർത്തി നൽകികൊണ്ട് തെറ്റായ സന്ദേശങ്ങൾ നൽകുന്നു എന്നും ആരോപണമുണ്ട്.

എന്നാൽ കെ.സി വിഭാഗത്തിന്റെയും എ ഗ്രൂപ്പിന്റെയും പരാതി, മുഖ്യമന്ത്രി കൂടിയാലോചനകൾ ഇല്ലാതെ മുന്നോട്ടുപോകുന്നു എന്നതാണ്. മന്ത്രിസഭയിൽ നടക്കുന്ന കൂടിയാലോചന ഒരു കൂടിയാലോചനയായിട്ട് പരിഗണിക്കാൻ കഴിയില്ല. കാരണം മന്ത്രിസഭയിൽ കോൺഗ്രസ് മാത്രമല്ല, ഘടകകക്ഷികളുമുണ്ട്. കോൺഗ്രസിന് പറയാനുള്ള കാര്യങ്ങളും നിലപാടുകളും കോൺഗ്രസ് വേദികളിൽ ചർച്ച ചെയ്യണമെന്നാണ് അവരുടെ ആവശ്യം. ഹൈക്കമാൻഡ് എന്ത് നിർദേശമാണ് നൽകാൻ പോകുന്നതെന്ന് അറിയേണ്ടതുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Back to top button