പട്ടികജാതി ക്ഷേമഫണ്ടിൽ 7.86 കോടിയുടെ ക്രമക്കേട്; അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, വിജിലൻസ് അന്വേഷണം

പാലക്കാട്: പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമപദ്ധതികൾക്കായി അനുവദിച്ച 7.86 കോടി രൂപയുടെ ഫണ്ടിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പാലക്കാട് മണ്ണാർക്കാട്, അട്ടപ്പാടി മേഖലകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ പത്തുവർഷത്തോളമായി വിവിധ ക്ഷേമപദ്ധതികളിലൂടെ അർഹരായ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ടിയിരുന്ന 7,86,05,000 രൂപയാണ് തട്ടിയെടുത്തതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
പട്ടികജാതി വികസന ഓഫീസർമാരായ സജിനി പി.എം., ഗിരിജ കെ., മുനീർ റഹ്മാൻ, നവീൻ ചന്ദ്ര, സീനിയർ ക്ലർക്ക് സ്മിജോ വർഗീസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
യഥാർഥ ഗുണഭോക്താക്കളുടെ പേരുകൾ ബാങ്ക് രേഖകളിൽ നിലനിർത്തിയശേഷം അക്കൗണ്ട് നമ്പറുകളും ക്യുആർ കോഡുകളും തിരുത്തി പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തൽ. ഷോളയൂർ ഗ്രാമപഞ്ചായത്തിലെ മുൻ എസ്.സി പ്രൊമോട്ടർമാർ ഉൾപ്പെടെയുള്ളവരുടെ പങ്കും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ അന്വേഷണം ഉറപ്പാക്കുന്നതിനായി കേസ് ആഭ്യന്തര വകുപ്പിന് കൈമാറി വിജിലൻസ് അന്വേഷണം നടത്തുമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അറിയിച്ചു.
ക്രമക്കേട് സംബന്ധിച്ച് നേരത്തെ റിപ്പോർട്ട് ലഭിച്ചിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാതിരുന്ന മേലുദ്യോഗസ്ഥരുടെ പങ്കും അന്വേഷണവിധേയമാക്കും. അർഹരായ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട സർക്കാർ ആനുകൂല്യങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ കൂടുതൽ പേരുടെ പങ്ക് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



