Movies

16 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരു ചിത്രത്തിനായി ഒന്നിക്കാന്‍ ഒരുങ്ങുന്നു

ചെന്നൈ: മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും 16 വര്‍ഷത്തിന് ശേഷം വീണ്ടും ഒരു സിനിമക്കായി ഒന്നിക്കാന്‍ ഒരുങ്ങുന്നു. 2008ല്‍ ജോഷി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ ട്വന്റി 20യിലാണ് മലയാള പ്രേക്ഷകര്‍ തങ്ങളുടെ പ്രിയ താരങ്ങളെ ഒരു ചിത്രത്തില്‍ മുഴുനീളെ കണ്ടത്.

ഹിറ്റ് സംവിധായകനായ മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഉള്‍പ്പെടെയുള്ളവര്‍ വേഷമിടുന്നതായാണ് വിവരം. പരസ്യ എഡിറ്ററായി കരിയര്‍ ആരംഭിക്കുകയും സംസ്ഥാന അവാര്‍ഡുകള്‍ക്ക് അര്‍ഹമായ രാത്രി മഴയിലൂടെ മലയാള സിനിമയിലേക്ക് എത്തുകയും ചെയ്ത മഹേഷിന്റെ പ്രധാന ചിത്രങ്ങള്‍ ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക്, അരിപ്പ് എന്നിവയാണ്.

മമ്മൂട്ടിയുടെ സിനിമാ കമ്പനിയായ മമ്മൂട്ടി കമ്പനിയും മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസും സംയുക്തമായാവും ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുക. ഹരികൃഷ്ണന്‍സ് ആയിരുന്നു ഇരുവരും മെഗാ സ്റ്റാറുകളായി മാറിയ ശേഷം അഭിനയിച്ച മറ്റൊരു ഹിറ്റ് ചിത്രം. കോമഡി ത്രില്ലറായ ഈ ചിത്രം 1998ല്‍ ആയിരുന്നു പുറത്തിറങ്ങിയത്. 11 വര്‍ഷം മുന്‍പ് മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തിയ കടല്‍ കടന്നൊരു മാത്തുക്കുട്ടിയെന്ന ചിത്രത്തില്‍ ചെറിയൊരു റോളില്‍ മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ എത്തിയിരുന്നു.

ശ്രീലങ്ക പ്രധാന ലൊക്കേഷനാവുമെന്ന് കരുതുന്ന ചിത്രം ന്യൂഡല്‍ഹി, ലണ്ടന്‍ എന്നിവിടങ്ങളിലാവും ചിത്രീകരിക്കുക. മമ്മൂട്ടിയും മോഹന്‍ലാലും ഇതുവരേയും 50ല്‍ അധികം ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ മിക്കവയും ഇരുവരുടേയും കരിയറിന്റെ ആദ്യകാലങ്ങളിലായിരുന്നു. ഹരികൃഷ്ണന്‍സും ട്വന്റി 20യും പോലെ വരാനിരിക്കുന്ന ചിത്രവും വന്‍ ഹിറ്റാവുമെന്നാണ് പ്രതീക്ഷ. എന്തായാലും വാര്‍ത്ത പുറത്തുവന്നതോടെ ഇരുവരുടേയും ഫാന്‍സ് വലിയ ആവേശത്തിലാണ്.

The post 16 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരു ചിത്രത്തിനായി ഒന്നിക്കാന്‍ ഒരുങ്ങുന്നു appeared first on Metro Journal Online.

See also  അനന്യ ബിര്‍ള ബിര്‍ളയുടെ അഞ്ചാം തലമുറയിലെ പാട്ടുകാരി; ആസ്തി നൂറുകോടിക്ക് മുകളില്‍

Related Articles

Back to top button