Kerala

പരസ്യം കണ്ട് വാങ്ങിയ പെയിന്റ് പണിതന്നു; കോടതി കയറിയതോടെ ഉടമക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധിയായി

കൊച്ചി: ഗുണനിലവാരമില്ലാത്ത പെയിന്റ് വമ്പന്‍ പരസ്യങ്ങളിലൂടെ വിറ്റഴിക്കുന്നവര്‍ക്കുള്ള താക്കീതായിരിക്കുകയാണ് ഒരു കോടതി വിധി. പെയിന്റിന് മാത്രമല്ല ഈ വിധി ബാധകമാവുന്നത്, ഇത്തരത്തില്‍ ആളുകളെ കബളിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന എല്ലാ ഉത്പന്ന നിര്‍മാതാക്കള്‍ക്കുമുള്ള താക്കീതാണ് ഈ വിധി. എറണാകുളം കോതമംഗലം സ്വദേശി ടി എം മൈതീന്‍ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ് ഉണ്ടായിരിക്കുന്നത്.

മതിലില്‍ അടിച്ച പെയിന്റ് വാറണ്ടി നല്‍കിയ കാലത്തിന് വളരെ മുമ്പേ പൊളിഞ്ഞു പോയതോടെയാണ് പരാതി നല്‍കിയത്. പെയിന്റ്് വാങ്ങിയ ഇനത്തില്‍ ചെലവായ 78,860/ രൂപയും റീപെയിന്റ് ചെയ്യുന്നതിനുവേണ്ടി ചെലവായ 2,06,979 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും ഒപ്പം ഇരുപതിനായിരം രൂപ കോടതി ചെലവ് എന്നിവ 30 ദിവസത്തിനകം ഉപഭോക്താവിന് നല്‍കണമെന്ന് എതിര്‍കക്ഷികളോട് കോടതി നിര്‍ദ്ദേശിച്ചു.

ഒരു വര്‍ഷം ആണ് വാറണ്ടി പിരീഡ് എന്നാല്‍ പെയിന്റടിച്ച് വളരെ പെട്ടെന്ന് തന്നെ പ്രതലത്തില്‍ നിന്നും പെയിന്റ്് പൊളിഞ്ഞു പോകാന്‍ തുടങ്ങി. പരാതിക്കാരന്‍ ഡീലറെ സമീപിച്ചു പരാതി പറഞ്ഞു. തുടര്‍ന്ന് നിര്‍മാണ കമ്പനിയുടെ പ്രതിനിധി വന്ന പരിശോധിച്ചു. എന്നാല്‍ യാതൊരു തുടര്‍ നടപടികളും പിന്നീട് ഉണ്ടായില്ലെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.

ഭിത്തിയില്‍ ഈര്‍പ്പമുള്ളത് മൂലമാണ് ഇത് സംഭവിച്ചതെന്നും ഉപ്പുരസം ഉണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കുമെന്നും ഉല്‍പ്പന്നത്തിന്റെ ന്യൂനതയല്ല ഇതെന്നും അതിനാല്‍ വാറണ്ടിയുടെ പരിധിയില്‍ വരുന്നതല്ല എന്നുമാണ് എതിര്‍കക്ഷികള്‍ കോടതിയില്‍ വാദമുന്നയിച്ചത്. എന്നാല്‍ ഈ വാദം മുഖവിലക്കെടുക്കാതെയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.

പെയിന്റിന്റെ ഗുണനിലവാരത്തില്‍ യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നും നിര്‍മാതാക്കളാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നുമായിരുന്നു ഡീലറുടെ അഭിഭാഷകന്റെ വാദം. നിര്‍മാതാക്കളുടെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ വിശ്വസിച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുമ്പോള്‍ ഇത്തരം അധാര്‍മികമായ വ്യാപാര രീതി അനുവദിക്കാനാവില്ല എന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നു.

The post പരസ്യം കണ്ട് വാങ്ങിയ പെയിന്റ് പണിതന്നു; കോടതി കയറിയതോടെ ഉടമക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധിയായി appeared first on Metro Journal Online.

See also  സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 120 രൂപ ഉയർന്നു

Related Articles

Back to top button