Education

കാശിനാഥൻ : ഭാഗം 31

രചന: മിത്ര വിന്ദ

“ച്ചി മിണ്ടാതിരിക്കെടി…. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം… എന്റെ മകനെയും ഈ കുടുംബത്തെയും പറഞ്ഞു പറ്റിച്ചു കെട്ടി ക്കേറി വന്നത് ഇവിടെ രാജകുമാരി ആയി വാഴം എന്ന ഉദ്ദേശത്തോടെ ആണെങ്കിൽ നടക്കില്ല പാർവതി…. ഈ സുഗന്ധി ജീവിച്ചു ഇരിക്കുമ്പോൾ അത് നടക്കില്ല..ഇറങ്ങിക്കോണം, ഇവിടുന്നു.”

അവളുടെ തോളിൽ പിടിച്ചു ശക്തമായി കുലുക്കി കൊണ്ട് സുഗന്ധി ചോദിച്ചതും പാറു ഞെട്ടി ത്തരിച്ചു നിന്നുപോയി.

അമ്മയുടെ ഓരോ വാചകങ്ങളും കേട്ട് കൊണ്ട് സ്വീകരണ മുറിയിൽ നിൽക്കുക ആയിരുന്നു കാശി അപ്പോള്

സുഗന്ധി… നീ എന്തൊക്കെയാണ് ഈ വിളിച്ചു കൂവുന്നത്.പാർവതി മോൾക്ക്, ഇവൾ ഇട്ടിരിക്കുന്ന ഗോൾഡൊക്കെ മേടിച്ചു കൊടുത്തത് വേറെ ആരും അല്ല, അവളുടെ കഴുത്തിൽ കിടക്കുന്ന താലിയുടെ അവകാശിയാണ്, എന്നുള്ള കാര്യം നീ മറന്നുപോകരുത് കേട്ടോ.
ദേഷ്യത്തോടെ കൂടി അച്ഛമ്മ  പറയുന്നതും കാശി കേട്ടിരുന്നു.

” അമ്മ എന്തറിഞ്ഞിട്ടാ ബഹളം കൂട്ടുന്നത്,  ശരിക്കും, ഇവളും ഇവളുടെ വീട്ടുകാരും ചേർന്ന്, വലിയൊരു നാടകമല്ലേ നമ്മൾക്ക് മുമ്പിൽ ആടിയത്,,  ഒരു രൂപ പോലും, ഇവളുടെ അച്ഛനോട്, സ്ത്രീധനമായി നമ്മൾ ചോദിച്ചതല്ല,  അയാളാണ്, വിവാഹ നിശ്ചയ ദിനത്തിൽ സകല ആളുകളുടെയും മുന്നിൽവച്ച്, തന്റെ മകൾക്ക് 250 പവൻ സ്വർണവും,കാറും,ക്യാഷും ഒക്കെ കൊടുക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നിട്ട് ഒടുക്കം എന്തായി തീർന്നമ്മേ, ചതിച്ചു കളഞ്ഞില്ലേ എന്റെ മോനേ, ഇവളും കൂടി ചേർന്നു നിന്നാണ്,  ഈ നാടകം നടത്തിയത്..നമ്മൾക്ക് ഒക്കെ അപമാനം ആണ് പാർവതി.

കിതച്ചുകൊണ്ട് സുഗന്ധി പറയുമ്പോൾ, പാറു ഒന്നും മിണ്ടാതെ, ഒരു കേൾവിക്കാരിയെ പോലെ  നിൽക്കുകയാണ് ചെയ്തത്.

കാരണം താൻ ഇവിടെ തെറ്റുകാരിയാണ് എന്നുള്ളത് അവൾക്കറിയാമായിരുന്നു.

” എന്തെങ്കിലും കാര്യങ്ങൾ പറയുമ്പോൾ ഇങ്ങനെ നിന്ന് കരഞ്ഞു കാണിച്ചാൽ, ഇവിടെ ഉള്ളവരെ എല്ലാവരും അതിൽ മയങ്ങിപ്പോകും എന്നാണല്ലേ നീ കരുതിയത്,എന്തായാലും അതിൽ എന്റെ മകൻ വീണുപോയി, എന്ന് കരുതി ബാക്കിയുള്ളവർ ആരും,  അങ്ങനെയാണെന്ന് നീ വിചാരിക്കേണ്ട കേട്ടോ”

അത് പറഞ്ഞുകൊണ്ട് സുഗന്ധി തിരിഞ്ഞതും കാശിയുടെ മുന്നിലേക്ക് ആയിരുന്നു.

വലിഞ്ഞുമുറുകിയ മുഖവുമായി കോപത്തോടുകൂടി അവൻ അമ്മയെ നോക്കി.

അതുകണ്ടതും സുഗന്ധി ആദ്യം ഒന്ന് പതറിയെങ്കിലും,  അവനെ നേരിടാൻ തന്നെ തീരുമാനിച്ചുറപ്പിച്ചിരുന്നു..

“ഞാനും എന്റെ ഭാര്യയും ഈ,കുടുംബത്തിൽ കഴിയുന്നതിൽ അമ്മയ്ക്ക് എന്തെങ്കിലും വിരോധമുണ്ടെങ്കിൽ അത് ഇപ്പോൾ തന്നെ ഇവിടെ വച്ച് എന്നോട് തുറന്നു പറയണം, ഉടനെ തന്നെ ഞാൻ ബാക്കി നടപടികൾ നോക്കിക്കോളാം  ”

അതീവ ഗൗരവത്തോടുകൂടി തന്നെ നോക്കി അമർഷത്തിൽ പറയുന്ന മകനെ സുഗന്ധി സൂക്ഷിച്ചു നോക്കി..

“ഓഹോ… അപ്പോൾ ഭാര്യയെയും വിളിച്ചുകൊണ്ട് ഇവിടുന്ന് ഇറങ്ങി പോകുവാൻ ആണോ നിന്റെ തീരുമാനം.”

See also  ലെബനനിലെ സിവിൽ ഡിഫൻസ് കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു

” വേണ്ടിവന്നാൽ അത് തന്നെ  ചെയ്യും. കാരണം അമ്മയ്ക്ക് ബുദ്ധിമുട്ട് ആയിക്കൊണ്ട് പാർവതിയും ഞാനും ഇവിടെ നിൽക്കുന്നതിൽ എനിക്ക് താല്പര്യം ഇല്ല… ”

” നീ എന്റെ മകനാണ്,ഞാൻ പ്രസവിച്ചവൻ. എന്റെയും അച്ഛന്റെയും കണ്ണടയുന്നത് വരെ നീ ഞങ്ങളുടെ ഒപ്പം ഉണ്ടാകണമെന്നാണ്, എന്റെ ആഗ്രഹം. ”

” മ്മ്.. ആയിക്കോട്ടെ.  അതിന് ഇവിടെ ആരെങ്കിലും തടസ്സം നിൽക്കുന്നുണ്ടോ”

“ഉണ്ട്… ഇവള് ഞങ്ങൾക്ക് ഒരു തടസം ആണ് മോനെ…”

“Ok…. അപ്പോൾ അമ്മ അമ്മയുടെ തീരുമാനം അറിയിച്ചിരിക്കുകയാണ് അല്ലേ ”

“അതേ…”

” എനിക്ക് ഞാൻ എന്റെ തീരുമാനം അമ്മയെ കൂടി  ധരിപ്പിക്കാം.. ”

എന്നുപറഞ്ഞുകൊണ്ട് കാശി ആണെങ്കിൽ പാർവതി യുടെ അരികിലേക്ക് ചെന്നു..ശേഷം അവളെ തന്നോട് ചേർത്ത് നിർത്തി.

“കാശിനാഥൻ എവിടെയാണോ ഉള്ളത് അവിടെ ആയിരിക്കും അവന്റെ ഭാര്യയും താമസിക്കുന്നത്. അതുകൊണ്ട് ഈ നിൽക്കുന്ന പാർവതി,  കഴിയേണ്ടത്, ഈ വീട്ടിൽ ആണെന്നാണ് എന്റെ ധാരണ.  ആ കാര്യത്തിൽ അമ്മയ്ക്ക് ബുദ്ധിമുട്ടാണ് എന്നല്ലേ ഇപ്പോൾ അറിയിച്ചത്.അമ്മയ്ക്കും ഈ കുടുംബത്തിലുള്ളവർക്കും ഒരു തടസ്സമായി പാർവതി ഇവിടെ കഴിയുന്നത്, എനിക്കും അത്ര ഇഷ്ടമില്ല. അതുകൊണ്ട് ഒരാഴ്ചക്കുള്ളിൽ ഞാനും പാർവതിയും, മറ്റൊരു വീട് എടുത്ത് മാറുവാൻ  തീരുമാനിച്ചിരിക്കുന്നു.”

കാശിയുടെ വാക്കുകൾ കേട്ടതും എല്ലാവരും സ്തംഭിച്ച് നിൽക്കുകയാണ്.

സുഗന്ധിയുടെയും കാശിനാഥന്റെയും ഒച്ചപ്പാട് കേട്ടുകൊണ്ട് ഉണർന്നു വന്നതായിരുന്നു കൃഷ്ണമൂർത്തി.പിന്നാലെ കൈലാസും,മാളവികയും എത്തിയിരുന്നു..

“മോനെ കാശി.. നീ എന്തൊക്കെയാടാ ഈ വിളിച്ചു പറയുന്നത്”കൃഷ്ണമൂർത്തി വന്ന് മകന്റെ തോളിൽ കൈവച്ചു.

“പിന്നെ ഞാൻ എന്താണ് അച്ചാ ചെയ്യേണ്ടത്,അമ്മയും ഏടത്തിയും ഏടത്തിയുടെ കുടുംബക്കാരും ഒക്കെ മാറിമാറി എന്റെ ഭാര്യയെ,വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുകയാണ്,എല്ലാം കേട്ടുകൊണ്ട്, തിരിച്ചു ആരോടും പ്രതികരിക്കാതെ നിൽക്കാൻ മാത്രമേ പാർവതിക്ക് കഴിയു എന്നുള്ള കാര്യം എനിക്ക് വ്യക്തമായതാണ്. പക്ഷേ ഞാൻ അങ്ങനെയല്ല.  എന്റെ ഭാര്യയെ ആരെങ്കിലും ഒരു വാക്കു കൊണ്ടു പോലും ദ്രോഹിക്കുന്നത് കേട്ട് നിൽക്കുവാൻ എനിക്ക് കഴിയില്ല പ്രതികരിക്കേണ്ടത് പ്രതികരിച്ചു തന്നെയാണ് കാശിനാഥൻ ശീലിച്ചിട്ടുള്ളത്.  അതുകൊണ്ട്, ഇവിടെയുള്ളവർക്ക് ഒരു നാണക്കേടായി പാർവതി ഇനി ഇവിടെ തുടരാൻ  ഞാനും സമ്മതിക്കുന്നില്ല. എത്രയും പെട്ടെന്ന് ഒരു വീട് ഫ്ലാറ്റോ നോക്കി,  ഏതാണെന്ന് വെച്ചാൽ സെലക്ട് ചെയ്ത ശേഷം ഞങ്ങൾ അവിടെക്ക് താമസo മാറുക ആണ് അച്ഛാ…”

രണ്ടിലൊന്നു തീരുമാനിച്ചുറപ്പിച്ച മട്ടിൽ ആയിരുന്നു കാശിയപ്പോൾ എന്നുള്ളത് എല്ലാവർക്കും ബോധ്യമായി..

” നിന്റെ ഭാര്യയോട് ഇത്രയ്ക്ക് സ്നേഹം ഉണ്ടായിരുന്നുവെങ്കിൽ നീ എന്തിനാണ്, വിവാഹം കഴിഞ്ഞദിവസം എല്ലാവരുടെയും മുന്നിൽവച്ച് ഇവളെ അപമാനിച്ചതും പൊട്ടിത്തെറിച്ചതു, ഇവളുടെ കരണം നോക്കി ഒന്ന് പൊട്ടിക്കുക കൂടി ചെയ്തതല്ലേ  നീയ് ”

See also  അമ്മുവിന്റെ മരണം: അറസ്റ്റിലായ പ്രതികൾക്കെതിരെ എസ് സി, എസ് ടി പീഡനനിരോധന നിയമം ചുമത്തിയേക്കും

സുഗന്ധിയും വിട്ടു കൊടുക്കാനുള്ള ഭാവത്തിൽ അല്ലായിരുന്നു..

“അത് എന്നെയും ഇവളെയും മാത്രം ബാധിക്കുന്ന കാര്യമാണ്, നിങ്ങളാരും അതിൽ ഇടപെടുകയും വേണ്ട”

“നിന്റെ അമ്മയെന്ന നിലയിൽ എനിക്ക് ഇടപെടാൻ അധികാരം ഉണ്ട് കാശി നാഥാ…”

“ഹ്മ്മ്… ആയിക്കോട്ടെ, ഉണ്ടായിരിക്കാം, പക്ഷേ അതൊന്നും ഈ കാശിനാഥന്റെ അടുത്ത് ചിലവാകുകയില്ല.”എന്നു പറഞ്ഞുകൊണ്ട് അവൻ വെട്ടി മുറിയിലേക്ക് കയറിപ്പോയി.

“ഈ ചുരുങ്ങിയ ദിനം കൊണ്ട്,എന്റെ മകനെ ഇത്രമേൽ മാറ്റിയെടുത്ത നിനക്ക്, വളരെയധികം കഴിവുകൾ ഉണ്ട് കേട്ടോ പാർവതി. എന്തായാലും നിനക്ക് ഇനി സൗകര്യമായല്ലോ, ഇവിടെ നിന്നിറങ്ങി കഴിഞ്ഞാൽ, തോന്നിയതുപോലെ പോകാം  ല്ലേ ”

ഉച്ചത്തോടുകൂടി അവളെ നോക്കിയശേഷം സുഗന്ധിയും തന്റെ മുറിയിലേക്ക് പോയി.

” അച്ഛാ സത്യമായിട്ടും ഞാനിതൊന്നും അറിഞ്ഞിരുന്നതല്ല, എനിക്കിന്നലെ കാശിയേട്ടൻ ഇത്തിരി ഗോൾഡൊക്കെ വാങ്ങി തന്നിരുന്നു, അമ്മയ്ക്ക് അതിന്റെ ദേഷ്യം ആണെങ്കിൽ ഇതെല്ലാം ഞാൻ ഊരി കൊടുത്തേക്കാം.. ”

നിറമിഴികളോടെ തന്നെ നോക്കി പറയുന്ന പാർവതിയെ, ദയനീയമായി കൃഷ്ണമൂർത്തി നോക്കി.

അതൊന്നും സാരമില്ല കുട്ടീ..  നീ പറ്റുമെങ്കിൽ കാശിയെ ഒന്ന് പറഞ്ഞു മനസ്സിലാക്കിക്കു. ദേഷ്യം പണ്ടേ അവനു കൂടുതലാണ്, അതുകൊണ്ടാണ് ഈ എടുത്തുചാട്ടം ഒക്കെ. മോള് അവന്റെ അടുത്തേക്ക് ചെല്ല്.

അയാൾ പാർവതിയെ നോക്കി സഹതാപത്തോടു കൂടി മൊഴിഞ്ഞു…

മുറിയിലേക്ക്,തിരികെ ചെല്ലുവാൻ പാർവതിക്ക് വല്ലാത്ത ഭയമായിരുന്നു.

കാശി എങ്ങനെയാകും പ്രതികരിക്കുന്നത് എന്ന് ,  ഓർത്തപ്പോൾ അവളുടെ, കാലടികളുടെ വേഗത കുറഞ്ഞു.

എന്നിരുന്നാലും അവിടേക്ക് കയറി ചെല്ലാതെ വേറെ നിവൃത്തിയില്ലെന്ന് അവൾക്ക് അറിയിക്കുകയും ചെയ്യാം.

ഗുരുവായൂരപ്പനോട് മനമുരുകി പ്രാർത്ഥിച്ചു കൊണ്ടാണ് പാർവതി
അവന്റെ അടുത്തേക്ക് ചെന്നത്.

ഇരു കൈകളും,കൊണ്ട്, തന്റെ മുഖം മറച്ചുപിടിച്ചുകൊണ്ട് അവൻ ബെഡിൽ ഇരിക്കുകയായിരുന്നു.

പാർവതിയുടെ ശ്വാസഗതി ഏറി..
എങ്കിലും ധൈര്യം സംഭരിച്ചുകൊണ്ട് അവൾ അവന്റെ അടുത്ത് ചെന്ന് തോളിൽ കൈവച്ചു.

മുഖമുയർത്തി നോക്കിയപ്പോൾ നിസ്സഹായയായ പാർവതിയേ ആയിരുന്നു അവൻ മുന്നിൽ കണ്ടത്..

, ” എന്താ”

ഗൗരവത്തിൽ അവൻ ചോദിച്ചു.

“അമ്മയ്ക്ക് വിഷമം ആയി. കാശിയെട്ടൻ അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ട്, പാവം…”

അവൻ ബെഡിൽ നിന്ന് എഴുന്നേറ്റതും പാർവതി പിന്നോട്ട് രണ്ടടി ചലിച്ചു.

” അമ്മ അങ്ങനെയൊക്കെ പറഞ്ഞതിൽ നിനക്ക് വിഷമം ഒന്നുമായില്ലേ”
പെട്ടെന്ന്  തന്നെ അവൻ തിരികെ അവളോട് ചോദിച്ചു.

“എനിക്ക് വിഷമം ഒന്നും ഇല്ല.പകരം കുറ്റബോധം മാത്രം,കാരണം എന്റെ ഭാഗത്തു അല്ലേ തെറ്റ് സംഭവിച്ചത് ”

“ആ തെറ്റ് തിരുത്താൻ നിനക്ക് ഞാൻ ഒരു അവസരം തരാൻ പോകുന്നു..”

പറഞ്ഞുകൊണ്ട് കാശി അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി..

മനസ്സിലാകാത്ത മട്ടിൽ തിരികെ പാർവതിയും.

പെട്ടെന്ന് തന്നെ കാശിനാഥൻ അലമാര തുറന്ന് എന്തൊക്കെയോ വലിച്ചെടുക്കുന്നത് പാർവതി നോക്കി കണ്ടു.

See also  സന്ദീപ് വാര്യർ സിപിഐയിലേക്കോ; പ്രാദേശിക നേതൃത്വവുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

ഈശ്വരാ എന്താണ് ഇനി സംഭവിക്കാൻ പോകുന്നത്…  അവളുടെ നെഞ്ചിടിപ്പിന്റെ വേഗത ഏറി വന്നു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

The post കാശിനാഥൻ : ഭാഗം 31 appeared first on Metro Journal Online.

Related Articles

Back to top button