National

അദാനിക്ക് വീണ്ടും കെനിയന്‍ പണി; സുപ്രധാന പദ്ധതികള്‍ റദ്ദാക്കി

യുഎസില്‍ കൈക്കൂലി, തട്ടിപ്പ് കേസുകളില്‍ അദാനിക്കെതിരെ എഫ്ബിഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ മുട്ടന്‍ പണിയുമായി കെനിയ. അദാനി ഗ്രൂപ്പുമായുള്ള സുപ്രധാന പദ്ധതികള്‍ റദ്ദ് ചെയ്തതായി കെനിയ വ്യക്തമാക്കി.

രാജ്യത്തെ പ്രധാന വിമാനത്താവള വികസന പദ്ധതി, പവര്‍ ട്രാന്‍സ്മിഷന്‍ ലൈനുകള്‍ നിര്‍മ്മിക്കുന്നതിനായി ഊര്‍ജ മന്ത്രാലയവുമായി ഒപ്പുവെച്ച 700 മില്യണ്‍ ഡോളറിന്റെ കരാറ് എന്നിവയാണ് റദ്ദാക്കിയത്. പ്രസിഡന്റ് വില്യം റൂട്ടോയാണ് ഇക്കാര്യം അറിയിച്ചത്.

ഗതാഗത മന്ത്രാലയത്തിലെയും ഊര്‍ജ- പെട്രോളിയം മന്ത്രാലയത്തിലെയും ഏജന്‍സികള്‍ക്ക് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ എത്രയും വേഗത്തില്‍ റദ്ദ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. തങ്ങളുടെ അന്വേഷണ ഏജന്‍സികള്‍ കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും റൂട്ടോ വ്യക്തമാക്കി.

കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലുള്ള വിമാനത്താവളത്തില്‍ അധിക റണ്‍വേയും ടെര്‍മിനലും നിര്‍മ്മിച്ച് നവീകരിക്കാനുള്ളതായിരുന്നു നിര്‍ത്തലാക്കിയ പദ്ധതികളിലൊന്ന്. 30 വര്‍ഷത്തേക്കുള്ളതായിരുന്നു കരാര്‍. കരാറിനെതിരെ കെനിയയില്‍ നേരത്തേ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

എയര്‍പോര്‍ട്ട് തൊഴിലാളികളുടെ നേതൃത്വത്തില്‍ പണിമുടക്ക് സമരം അടക്കമുള്ള പ്രതിഷേധങ്ങളാണ് നടന്നത്. അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയ തീരുമാനം തൊഴില്‍ നഷ്ടത്തിനും മോശം തൊഴില്‍ സാഹചര്യത്തിനും കാരണമാകുമെന്നായിരുന്നു തൊഴിലാളികള്‍ ചൂണ്ടിക്കാട്ടിയത്.

See also  ഹരിയാന ഫലം അംഗീകരിക്കാനാകില്ല: കോണ്‍ഗ്രസ്‌

Related Articles

Back to top button