പരിധിവച്ച് ശമ്പളം, ബാക്കി വഴിപോലെ, പരമാവധി നൽകുന്നത് 50000

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഇന്നലെ ശമ്പളത്തിന്റെ ആദ്യ വിഹിതമായി പരമാവധി 50000 രൂപ നൽകിയെങ്കിലും ബാക്കി തുക എന്നു നൽകാൻ കഴിയുമെന്ന കാര്യത്തിൽ സർക്കാരിന് എത്തുംപിടിയുമില്ല. അമ്പതിനായിരത്തിൽ താഴെ ശമ്പളമുള്ളവർക്ക് മുഴുവൻ തുകയും നൽകിയിട്ടുണ്ട്. ഒന്നാം പ്രവൃത്തിദിവസം ശമ്പളം ലഭിക്കേണ്ടിയിരുന്ന 97000 പേർക്ക് മാത്രമാണ് ഇന്നലെ ശമ്പളം വിതരണം ചെയ്തത്. തുക അമ്പതിനായിരമായി ചുരുക്കിയതുകാരണം അഞ്ഞൂറു കോടിയേ ഇതിനു വേണ്ടിവന്നുള്ളൂ. ശേഷിക്കുന്ന നാലുലക്ഷത്തിലേറെ ജീവനക്കാർക്കും ആദ്യ വിഹിതം നൽകിയശേഷമേ രണ്ടാം റൗണ്ട് വിതരണം തുടങ്ങാൻ സാദ്ധ്യതയുള്ളൂ.
ചരിത്രത്തിലാദ്യമായാണ് സംസ്ഥാന സർക്കാർ ശമ്പളം തവണകളായി വിതരണം ചെയ്യുന്നത്.കൂടിയ പെൻഷൻതുകയ്ക്കും പരിധി നിയന്ത്രണം ബാധകമാണ്. ആദ്യത്തെ മൂന്നു പ്രവൃത്തി ദിനങ്ങളിലും ശമ്പളം നൽകാൻ കഴിഞ്ഞിരുന്നില്ല. രണ്ടാം പ്രവൃത്തിദിനത്തിൽ ശമ്പളം കൈപ്പറ്റുന്ന അദ്ധ്യാപകർ അടക്കമുള്ളവർക്ക് ഇന്ന് ആദ്യവിഹിതം അനുവദിക്കും. മൂന്ന് നാല് ദിവസത്തിനുള്ളിൽ ശമ്പളവിതരണം പൂർത്തിയാക്കുമെന്നും പെൻഷൻ വിതരണത്തിന് തടസ്സമില്ലെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ഇന്നലെ രാവിലെ ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ധനവകുപ്പ് സെക്രട്ടറിയും ട്രഷറി ഡയറക്ടറും എക്സപെൻഡിച്ചർ,റെവന്യു സെക്രട്ടറിമാരും പങ്കെടുത്ത ഉന്നതതലയോഗമാണ് ശമ്പളവും പെൻഷനും പിൻവലിക്കുന്നതിന് പരിധി ഏർപ്പെടുത്താൻ തീരുമാനിച്ചത്. .
ഏതാനും ദിവസത്തിനകം നിയന്ത്രണം പിൻവലിക്കുമെന്നാണ് സർക്കാർ അറിയിപ്പ്. ട്രഷറിയിലെ നിക്ഷേപങ്ങൾ പിൻവലിക്കുന്നതിലടക്കം നിയന്ത്രണമുണ്ടെന്നാണ് സൂചന. ഐ.എ.എസുകാർക്കും പൊലീസിനും അടക്കം ഏതാനും വകുപ്പുകളിലെ 97000പേർക്ക് ആദ്യദിവസവും അദ്ധ്യാപകരടക്കം 1.60ലക്ഷം പേർക്ക് രണ്ടാംദിവസവും സഹകരണമടക്കം 65000പേർക്ക് മൂന്നാം ദിവസവും ആണ് ശമ്പളം നൽകുക.ആദ്യരണ്ടുദിവസം വിതരണം മുടങ്ങിയതിനെ തുടർന്ന് ഈ മൂന്ന് വിഭാഗങ്ങളുടേയും കൂടി 3.22 ലക്ഷം പേരുടെ ശമ്പളം ഇന്നലെ വിതരണം ചെയ്തെന്നാണ് സർക്കാർ പറയുന്നത്. ഇതിനായി 1950കോടിയോളം രൂപ വേണം.എന്നാൽ ഇന്നലെ ട്രഷറിഅക്കൗണ്ടുകളിൽ നിന്ന് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പോയത് 500കോടിയിൽ താഴെ തുകമാത്രമാണ്.