മെമ്മറി ചിപ്പ് ക്ഷാമം രൂക്ഷമാകുന്നു; സ്മാർട്ട്ഫോൺ, ലാപ്ടോപ്പ് വില വർദ്ധിച്ചേക്കും
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ന് പല കാര്യങ്ങളും എളുപ്പവും ലളിതവുമാക്കിയിട്ടുണ്ട്. നിമിഷങ്ങൾക്കുള്ളിൽ കോഡിംഗ് ചെയ്യാനും പ്രസന്റേഷനുകൾ തയ്യാറാക്കാനും ചിത്രങ്ങൾ നിർമിക്കാനും ഇപ്പോൾ സാധിക്കും. എന്നാൽ ഇതിനെല്ലാം വലിയൊരു വില നൽകേണ്ടി വരുന്നുണ്ട്. അത് പ്രീമിയം സബ്സ്ക്രിപ്ഷൻ നിരക്കുകളെ കുറിച്ച് മാത്രമല്ല, എ.ഐയുടെ വർദ്ധിച്ചുവരുന്ന ആവശ്യം മെമ്മറി ചിപ്പുകളുടെ വിലവർദ്ധനവിന് കാരണമായിരിക്കുകയാണ്.
ഓപ്പൺ എ.ഐ, ആന്ത്രോപിക് തുടങ്ങിയ എ.ഐ ഭീമൻമാർ തങ്ങളുടെ ഡാറ്റ സെന്ററുകൾക്കായി ഈ ചിപ്പുകൾ വാങ്ങിക്കൂട്ടുകയാണ്. ഇതോടെ സ്മാർട്ട്ഫോൺ, ലാപ്ടോപ്പ് നിർമാതാക്കൾ തുടങ്ങിയ ഉപഭോക്തൃ ബ്രാൻഡുകൾക്ക് ഈ ചിപ്പുകൾ ലഭിക്കാൻ പ്രയാസപ്പെടുന്നു. ഇത് സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള ഉൽപന്നങ്ങളുടെ വിലവർദ്ധനവിന് കാരണമായിട്ടുണ്ട്. ഈ ചിപ്പ് ക്ഷാമം ഉടൻ അവസാനിക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നിക്കി ഏഷ്യയുടെ റിപ്പോർട്ട് പ്രകാരം, ചിപ്പ് നിർമ്മാതാക്കൾക്ക് 2027 വരെയെങ്കിലും ഡിമാൻഡ് അനുസരിച്ച് ഉൽപാദനം വർദ്ധിപ്പിക്കാൻ കഴിയില്ല എന്നുള്ളതാണ്. ആഗോളതലത്തിൽ സാംസങ്, എസ്കെ ഹൈനിക്സ്, മൈക്രോൺ എന്നീ മൂന്നു കമ്പനികളാണ് മെമ്മറി ചിപ്പ് വിപണി കയ്യടക്കിയിരിക്കുന്നത്. പേഴ്സണൽ കമ്പ്യൂട്ടറുകൾ, സ്മാർട്ട്ഫോണുകൾ മുതൽ വാഹനങ്ങളിലും വ്യവസായിക ഉപകരണങ്ങളിലും വരെ മെമ്മറി ചിപ്പുകൾ അത്യാവശ്യ ഘടകങ്ങളാണ്.
എന്താണ് നിലവിലെ സാഹചര്യം?
ആഗോള DRAM വിപണിയുടെ ഏകദേശം 90 ശതമാനവും ഈ മൂന്നു കമ്പനികളുടേതാണ്. എന്നാൽ ഇവർ ഇപ്പോൾ തങ്ങളുടെ ശ്രദ്ധ AI സെമികണ്ടക്ടറുകൾക്ക് അത്യന്താപേക്ഷിതമായ ഹൈ-ബാൻഡ്‌വിഡ്ത്ത് മെമ്മറിയിലേക്ക് (HBM) മാറ്റിയിരിക്കുകയാണ്. ഇത് സ്മാർട്ട്‌ഫോണുകളിലും പേഴ്സണൽ കമ്പ്യൂട്ടറുകളിലും ഉപയോഗിക്കുന്ന സാധാരണ മെമ്മറി ചിപ്പുകളുടെ നിർമ്മാണം വൈകാൻ കാരണമായി. ഇതിന്റെ ഫലമായി കഴിഞ്ഞ വർഷം അവസാനത്തോടെ വിതരണത്തിൽ കുറവുണ്ടാകുകയും വില വർദ്ധിക്കുകയും ചെയ്തു.
റിപ്പോർട്ട് അനുസരിച്ച്, ഈ മൂന്നു കമ്പനികൾ ഇത്തരം ചിപ്പുകളുടെ ഉൽപാദനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചാൽ പോലും DRAM ഡിമാൻഡിന്റെ 60 ശതമാനം മാത്രമേ നിറവേറ്റാൻ സാധിക്കുകയുള്ളൂ. ഇതിനിടെ, മൈക്രോൺ തങ്ങളുടെ ഉപഭോക്തൃ ബിസിനസ് പൂർണ്ണമായും നിർത്തലാക്കി എ.ഐ ഡാറ്റാ സെന്റ റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷം ഈ മേഖലയിലും അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്.
ഉൽപാദനം കൂട്ടിയാലും മതിയാകില്ല
ലോകത്തിലെ ഏറ്റവും വലിയ മെമ്മറി ചിപ്പ് നിർമ്മാതാക്കളായ സാംസങ്, 2026 ഓടെ പ്യോങ്‌ടെക് കാമ്പസിൽ ഒരു പുതിയ ഫാബ്രിക്കേഷൻ പ്ലാന്റ് ഓൺലൈനായി കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ട്. എന്നാൽ 2027 അല്ലെങ്കിൽ അതിനുശേഷമോ മാത്രമേ പൂർണ്ണ തോതിലുള്ള ഉൽപാദനം ആരംഭിക്കൂ. അതേസമയം, എസ്.കെ ഹൈനിക്സ് ചിയോങ്‌ജുവിൽ എച്ച്ബിഎം പ്ലാന്റ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും മൈക്രോൺ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ 2027-28 കാലയളവ് വരെ സമയമെടുക്കും.
എന്തെങ്കിലും പ്രതീക്ഷയുണ്ടോ?
എ.ഐ മെമ്മറിയിലെ വിതരണ തടസ്സങ്ങൾ 2030 വരെ തുടരാമെന്നാണ് SK ഗ്രൂപ്പ് ചെയർമാൻ ചേ തേ-വോണിന്റെ അഭിപ്രായപ്പെടുന്നത്. മെമ്മറി ക്ഷാമം പരിഹരിക്കുന്നതിന് 2027 വരെ ഉൽപാദനത്തിൽ 12 ശതമാനം വാർഷിക വർദ്ധനവ് ആവശ്യമാണെന്ന് കൗണ്ടർപോയിന്റ് റിസർച്ച് കണക്കാക്കുന്നു. എന്നാൽ നിലവിലെ കണക്കുകൾ പ്രകാരം 7.5 ശതമാനം വർദ്ധനവ് മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. വിപണി സാധാരണ നിലയിലാകാൻ 2028 വരെ കാത്തിരിക്കേണ്ടി വരും.
സ്മാർട്ട്‌ഫോണുകളെ ബാധിക്കുമോ?
ചിപ്പ് വില വർദ്ധിക്കുന്നതോടെ സ്മാർട്ട്‌ഫോൺ വിൽപ്പനയിൽ 13 ശതമാനം ഇടിവുണ്ടാകുമെന്ന് ഐഡിസി പ്രവചിക്കുന്നു. സ്മാർട്ട്‌ഫോൺ നിർമ്മാണ ചെലവിന്റെ ഏകദേശം 40 ശതമാനവും മെമ്മറി ചിപ്പുകൾക്കായി മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യം 2026 മധ്യത്തോടെ ഉണ്ടായേക്കും. ഇത് സാധാരണക്കാർക്ക് ഫോണുകൾ വാങ്ങാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചേക്കാം.



