പോലീസിന് രാജാവിനേക്കാൾ വലിയ രാജഭക്തി: സതീശൻ

കെ എസ് യു നേതാക്കളെ വിലങ്ങ് വെച്ച് തലയിൽ കറുത്ത തുണിയിട്ട് കോടതിയിൽ ഹാജരാക്കിയ പോലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഭവത്തിൽ അതിശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് സതീശൻ പറഞ്ഞു. മുഖ്യമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും സതീശൻ ചോദിച്ചു
കെ എസ് യു നേതാക്കളെ കയ്യാമം വെച്ച് തലയിൽ കറുത്ത തുണിയിട്ടാണ് കോടതിയിൽ ഹാജരാക്കിയത്. അവര് തീവ്രവാദികളാണോ, കൊടും കുറ്റവാളികളാണോ, കേരളത്തിലെ പോലീസ് എവിടേക്കാണ് പോകുന്നത്. രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ സേനയിലുണ്ട്.
എല്ലാ വൃത്തികേടുകൾക്കും അഴിമതിക്കും കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരാണ്. അവർക്ക് പാർട്ടി സംരക്ഷണം കൊടുക്കുന്നത് കൊണ്ടാണ്. പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടിട്ടാണ് കെ എസ് യുക്കാരെ കള്ളക്കേസിൽ കുടുക്കി തീവ്രവാദികളെയും കൊടും ക്രിമിനലുകളെയും പോലെ കൊണ്ടുവന്നത്.
പാർട്ടിക്കാരുടെ തോന്ന്യാസത്തിന് കൂട്ടുനിൽക്കാൻ കേരളാ പോലീസിനെ തകർത്ത് തരിപ്പണമാക്കി. ഇതിന് നിങ്ങളെ കൊണ്ട് ഉത്തരം പറയിപ്പിക്കും. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എന്തിന് മൗനം പാലിക്കുന്നു. ഒരു ഭരണാധികാരിക്ക് ചേർന്നതല്ല ഈ മൗനമെന്നും സതീശൻ പറഞ്ഞു.