Local

സഹപ്രവർത്തകന്റെ മരണം: കുടുംബത്തിന് കൈത്താങ്ങായി 300 ബസുകളുടെ കാരുണ്യ യാത്ര

മലപ്പുറം: വാഹനാപകടത്തിൽ മരിച്ച കണ്ടക്ടറുടെ കുടുംബത്തിന് സഹായം നൽകാൻ ബസ് മേഖലയിലുള്ളവർ ഒന്നിക്കുന്നു. സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്ന മുട്ടിക്കാലം തറമണ്ണില്‍ ജംഷീര്‍ കഴിഞ്ഞ ഡിസംബർ 28നാണ് മഞ്ചേരി നെല്ലിപ്പറമ്പില്‍ ലോറി ഇടിച്ച് മരിച്ചത്. ജംഷീറിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുകയാണ് പ്രാഥമിക ലക്ഷ്യം. ഇതിനായി ജനുവരി 29ന് മലപ്പുറം ജില്ലയിലെ 300ഓളം ബസുകളെ നിരത്തിലിറക്കി കാരുണ്യ യാത്ര നടത്തും.

കാരുണ്യ യാത്ര നടത്താൻ ഇതിനകം 300ഓളം ബസുകൾ തയാറായതായി ഭാരവാഹികൾ അറിയിച്ചു. താല്പര്യമുള്ള ബസുകള്‍ക്കെല്ലാം സേവന യാത്രയില്‍ പങ്കാളികളാവാമെന്നും സഹായ സമിതി അറിയിച്ചു. സഹായ സമിതി ചെയര്‍മാനായി അല്‍നാസ് നാസറിനെയും കണ്‍വീനറായി വാക്കിയത്ത് കോയയെയും ട്രഷററായി ജാഫര്‍ പി.ടി.ബിയെയും തെരഞ്ഞെടുത്തു.

കണ്ടക്ടര്‍ ലോറി ഇടിച്ച് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ലോറി ഡ്രൈവറുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് ബസ് ജീവനക്കാരന്‍ അപകടത്തില്‍പ്പെടാന്‍ ഇടവരുത്തിയതെന്നാണ് പരാതി.

മഞ്ചേരി നെല്ലിപ്പറമ്പില്‍ റോഡിലെ ഗതാഗതക്കുരുക്ക് തീര്‍ക്കാന്‍ ഇറങ്ങിയപ്പോഴാണ് കണ്ടക്ടറായ ജംഷീര്‍ ലോറിയിടിച്ചു മരിച്ചത്. അരീക്കോട് നിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ജംഷീര്‍. ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് ബസില്‍ നിന്ന് ഇറങ്ങിയ ജംഷീര്‍ ബസിന് എതിരെ ലോറി വന്ന സൈഡിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇത് വാക്കേറ്റത്തിനിടയാക്കി. ഇതിനിടെ ഡ്രൈവര്‍ ലോറി മുന്നോട്ട് എടുത്തപ്പോള്‍ ലോറിക്കും ബസിനുമിടയിലായി ജംഷീര്‍. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

See also  ദമ്മാം-അരീക്കോട് വെൽഫയർ അസോസിയേഷൻ (ദവ): പതിനഞ്ചാം വാർഷികം ആഘോഷിച്ചു, പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Related Articles

Back to top button