ഡോ. വന്ദന ദാസ് കൊലപാതകം: കേസിലെ സാക്ഷി വിസ്താരം കോടതി മാറ്റിവെച്ചു
കൊല്ലം കൊട്ടാരക്കര ഗവൺമെന്റ് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദനാ ദാസ് വധ കേസിലെ സാക്ഷി വിസ്താരം കോടതി മാറ്റി വെച്ചു. കേസിലെ ഒന്നാം സാക്ഷിയായ വന്ദനയുടെ സഹപ്രവർത്തകൻ ഡോക്ടർ മുഹമ്മദ് ഷിബിന്റെ സാക്ഷി വിസ്താരമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്.
കേസിലെ പ്രതിയുടെ മാനസിക നില പരിശോധിക്കുവാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകിയ സാഹചര്യത്തിലാണ് വിചാരണ കോടതി സാക്ഷി വിസ്താരം നിർത്തിവെച്ചത്. കേസിലെ പ്രതിയുടെ മാനസികനില മുമ്പ് പരിശോധിച്ചിരുന്ന സാഹചര്യത്തിൽ പുതിയ ഉത്തരവിൽ പ്രോസിക്യൂഷന് യാതൊരു ആശങ്കയുമില്ലെന്ന് കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ വ്യക്തമാക്കി.
കോടതി നിശ്ചയിക്കുന്ന ഏത് തീയതിയിലും സാക്ഷി വിസ്താരം ആരംഭിക്കുവാൻ പ്രോസിക്യൂഷൻ തയ്യാറാണെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.കേസിലെ പ്രതി ജി സന്ദീപിനെ ഇന്നലെ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. കഴിഞ്ഞ മാസം സന്ദീപിന്റെ വിടുതൽ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.
The post ഡോ. വന്ദന ദാസ് കൊലപാതകം: കേസിലെ സാക്ഷി വിസ്താരം കോടതി മാറ്റിവെച്ചു appeared first on Metro Journal Online.