Education

സഹാറ മരുഭൂമിയില്‍ വെള്ളപ്പൊക്കം; 50 വര്‍ഷത്തിനിടെ ആദ്യത്തെ സംഭവം

ജയ്പൂര്‍: ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമിയില്‍ വെള്ളപ്പൊക്കം. തെക്കുകിഴക്കന്‍ മൊറോക്കോയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണിത്. സഹാറ മരുഭൂമിയുടെ ചില ഭാഗങ്ങള്‍ കടുത്ത വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് മൊറോക്കയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇറിക്വി തടാകം പ്രളയത്തില്‍ നിറഞ്ഞു കവിഞ്ഞു. അരനൂറ്റാണ്ടായി ഈ തടാകം വരണ്ട അവസ്ഥയിലായിരുന്നു. നാസ പകര്‍ത്തിയ ഉപഗ്രഹ ചിത്രങ്ങളില്‍ തടാകം നിറഞ്ഞു കവിഞ്ഞൊഴുകുന്നത് കാണാം.

വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം മഴ ലഭിച്ചിട്ട് 30 മുതല്‍ 50 വര്‍ഷം വരെയായെന്ന് മൊറോക്കോയിലെ കാലാവസ്ഥാ ഏജന്‍സിയിലെ ഉദ്യോഗസ്ഥനായ ഹുസൈന്‍ യൂബെബ് പറഞ്ഞു. കാലാവസ്ഥാ നിരീക്ഷകര്‍ ഈ പ്രതിഭാസത്തെ ഒരു എക്‌സ്ട്രാ ട്രോപ്പിക്കല്‍ സ്റ്റോം എന്നാണ് വിശേഷിപ്പിച്ചത്. ഇത് പ്രദേശത്തിന്റെ കാലാവസ്ഥയില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

മൊറോക്കോയിലെ വെള്ളപ്പൊക്കം കഴിഞ്ഞ മാസം 18 പേരുടെ ജീവന്‍ അപഹരിച്ചിരുന്നു. തെക്കുകിഴക്കന്‍ മേഖലയിലെ അണക്കെട്ടുകളുള്ള ജലസംഭരണികള്‍ സെപ്റ്റംബറില്‍ വലിയ രീതിയില്‍ വീണ്ടും നിറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. തലസ്ഥാനമായ റബാറ്റില്‍ നിന്ന് 450 കിലോ മീറ്റര്‍ തെക്ക് സ്ഥിതി ചെയ്യുന്ന ടാഗോനൈറ്റ് ഗ്രാമത്തില്‍ 24 മണിക്കൂറിനുള്ളില്‍ 100 മില്ലി മീറ്ററിലധികം മഴയാണ് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത്. ഒന്‍പത് ദശലക്ഷം ചതുരശ്ര കിലോ മീറ്ററില്‍ വ്യാപിച്ചുകിടക്കുന്നതാണ് സഹാറ മരുഭൂമി. ഇവിടുത്തെ തീവ്രമായ കാലാവസ്ഥാ വ്യതിയാനം വലിയ ഭീഷണികളാണ് ഉയര്‍ത്തുന്നത്. ഭാവിയില്‍ ഈ മേഖലയില്‍ തീവ്രതയുള്ള കൊടുങ്കാറ്റുകള്‍ ഇടയ്ക്കിടെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

See also  ആഗോള ഗ്രാമത്തില്‍ റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ പ്‌ളാറ്റ്‌ഫോം

Related Articles

Back to top button