ബെംഗളൂരുവില്‍ കനത്ത മഴ; വെള്ളത്തില്‍ മുങ്ങി നഗരം

ബെംഗളൂരു: മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ബെംഗളൂരു നഗരത്തില്‍ വന്‍ നാശനഷ്ടം. പ്രധാന റോഡുകളും ജനവാസ കേന്ദ്രങ്ങളും വെള്ളത്തിനടിയിലാണ്. രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും ശമനമില്ലാത്ത മഴ സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ്.
മഴയെ തുടര്‍ന്ന് 20 വിമാനങ്ങള്‍ വൈകി. നാല് വിമാനങ്ങള്‍ ചെന്നൈയിലേക്ക് തിരിച്ചുവിട്ടു. ഇന്ന് രാത്രിയും മഴയുണ്ടാകുമെന്നാണ് കലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. നഷ്ടപരിഹാരം നല്‍കുമെന്നും ആവശ്യമായ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ദുരിതപെയ്ത്തില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനിടയിലായി. മഴയ്ക്കിടെയുണ്ടായ വാഹനാപകടത്തില്‍ സര്‍ജാപൂരില്‍ 56കാരി മരിച്ചു. മല്ലിക എന്ന സ്ത്രീയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു ഇവര്‍. റോഡിലെ കുഴിയില്‍ നിന്നും വണ്ടി തെറ്റിക്കുന്നതിനിടെ ബൈക്കിന് പിന്നില്‍ ട്രെക്ക് ഇടിക്കുകയായിരുന്നു. സര്‍ജാപൂരില്‍ 40 മില്ലിമീറ്റര്‍ മഴയാണ് ഇന്നലെ മാത്രം പെയ്തത്. മഴ കനത്തതോടെ ഗതാഗതം തടസപ്പെട്ടു. അതിനിടെ കെങ്കേരിയില്‍ സഹോദരങ്ങളെ തടാകത്തില്‍ വീണ് കാണാതായി. ശ്രീനിവാസ് (13), ലക്ഷ്മി (11) എന്നിവരെയാണ് കാണാതായത്. തിങ്കഴാഴ്ച സന്ധ്യയ്ക്ക് 6 മണിയോടെയാണ് സംഭവം. കുട്ടികള്‍ തടാകത്തില്‍ വെള്ളം എടുക്കാന്‍ പോയതാണെന്നാണ് വിവരം. ആദ്യം ലക്ഷ്മിയാണ് തടാകത്തിലേക്ക് വീണത്. സഹോദരി വെള്ളത്തില്‍ മുങ്ങിത്താണതോടെ പെണ്‍കുട്ടിയെ രക്ഷിക്കാനാണ് ശ്രീനിവാസ് വെള്ളത്തിലേക്ക് എടുത്ത് ചാടിയത്. എന്നാല്‍ രണ്ട് പേരും വെള്ളത്തിലേക്ക് താഴ്ന്ന് പോകുകയായിരുന്നു. കുട്ടികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ ആറടി വരെ വെള്ളം കയറി. ടാറ്റ നഗര്‍, ഭദ്രപ്പ ലേഔട്ട്, കൊടിഗെഹള്ളി, ഹെബ്ബാള്‍ സരോവര ലേഔട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദികപ്പെട്ടതായും പ്രദേശവാസികള്‍ പറഞ്ഞു.
The post ബെംഗളൂരുവില്‍ കനത്ത മഴ; വെള്ളത്തില്‍ മുങ്ങി നഗരം appeared first on Metro Journal Online.