Kerala

സേവനം മോശമെന്ന പരാതി; കൊറിയർ സർവീസ് താൽക്കാലികമായി നിർത്തിവെച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: സേവനത്തിന്റെ ഗുണനിലവാരം മോശമാണെന്ന വ്യാപക പരാതികളെ തുടർന്ന് കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. നിലവിൽ പുതിയ പാർസലുകളും കൊറിയറുകളും ബുക്ക് ചെയ്യുന്നത് പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്.

​കൊറിയർ സർവീസിന്റെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ആന്ധ്രാപ്രദേശ് ആസ്ഥാനമായ ‘സിംഗു സൊല്യൂഷൻസ്’ (Singu Solutions) എന്ന സ്വകാര്യ ഏജൻസിക്കാണ് സേവനം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകി കെഎസ്ആർടിസി നോട്ടീസ് അയച്ചത്. പാർസലുകൾ സമയബന്ധിതമായി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാത്തതും കൊറിയർ ജീവനക്കാർക്ക് വേതനം നൽകാത്തതും ഉൾപ്പെടെ നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ കർശന നടപടി.

ആദ്യഘട്ടത്തിൽ കെഎസ്ആർടിസി നേരിട്ടായിരുന്നു കൊറിയർ സർവീസ് നടത്തിയിരുന്നത്. ടിക്കറ്റിതര വരുമാനത്തിൽ കോർപ്പറേഷന് വലിയ ലാഭം നേടിത്തന്നിരുന്ന ഈ പദ്ധതി കൂടുതൽ പ്രൊഫഷണൽ രീതിയിൽ വിപുലീകരിക്കാനും ഡോർ ഡെലിവറി അടക്കമുള്ള സൗകര്യങ്ങൾ കൊണ്ടുവരാനുമാണ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്. എന്നാൽ സ്വകാര്യ കമ്പനി ചുമതലയേറ്റതോടെ കാര്യക്ഷമത കുറയുകയും കൃത്യമായ വരുമാന വിവരങ്ങൾ ലഭ്യമാകാതാവുകയും ചെയ്തതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൊറിയർ സർവീസ് പുനരാരംഭിക്കുന്നതിനായി പുതിയ ടെൻഡർ ഉടൻ ക്ഷണിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. പുതിയ ഏജൻസിയെ തിരഞ്ഞെടുത്ത ശേഷമോ അല്ലെങ്കിൽ കോർപ്പറേഷൻ നേരിട്ടോ സർവീസ് പുനരാരംഭിക്കും. 

See also  നടക്കാത്ത ഭജനക്ക് എട്ട് ലക്ഷം രൂപ; ടാക്‌സി സംവിധാനത്തിന് 10.57 ലക്ഷം രൂപ

Related Articles

Back to top button