പോലീസ് സ്റ്റേഷൻ വളപ്പിൽ സമ്മാനമായി ലഭിച്ച വൃക്ഷത്തൈ നട്ടു

കോടഞ്ചേരി: എൻ.എസ്.എസ് ക്യാമ്പിൽ വിദ്യാർഥികൾ സമ്മാനമായി നൽകിയ
വൃക്ഷത്തൈ പോലീസ് സ്റ്റേഷൻ വളപ്പിൽ
നട്ട് ഇൻസ്പെക്ടർ. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സജു എബ്രഹാമാണ് സ്റ്റേഷൻ വളപ്പിൽ തണലൊരുക്കാൻ വൃക്ഷത്തൈ നട്ടത്.
കോടഞ്ചേരി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മാമ്പറ്റ ഡോൺബോസ്കോ കോളേജിൻ്റെ എൻ.എസ്എസ് സപ്തദിന ക്യാമ്പിൽ അതിഥിയായി എത്തിയപ്പോഴാണ് വിദ്യാർഥികൾ സമ്മാനമായി വൃക്ഷത്തൈ നൽകിയത്. ഈ തൈ വിദ്യാർഥികളെയും അധ്യാപകരെയും സ്റ്റേഷനിലേക്ക് ക്ഷണിച്ച്, അവരുടെ സാന്നിധ്യത്തിൽ ഇൻസ്പെക്ടർ തന്നെ
നടുകയായിരുന്നു. ഡോൺ ബോസ്കോ കോളേജിൻ്റെ മാതൃകാ പദ്ധതിയാണ് വൃക്ഷത്തൈ വിതരണം. കോളേജിലെ പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന അതിഥികൾക്കും അധ്യാപകരുടെയും വിദ്യാർഥികളുടെയും പിറന്നാളിനും സമ്മാനമായി നൽകുന്നത് വൃക്ഷത്തൈകളാണ്. കഴിഞ്ഞ നാലു വർഷത്തിനിടെ ആയിരത്തിലധികം വൃക്ഷത്തൈകളാണ് ഇങ്ങനെ സമ്മാനമായി നൽകിയിട്ടുള്ളത്.
കോടഞ്ചേരി പോലീസ് സ്റ്റേഷൻ ഓഫീസർമാരായ ബീന, നൂർ അഹമ്മദ്, എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ജിജി ജോർജ്, യൂണിറ്റ് സെക്രട്ടറി ആജോ വർഗീസ്, കോളേജ് പി.ആർ.ഒ സന്തോഷ് മരുതോലിൽ എന്നിവർ സംബന്ധിച്ചു.