മഴ: സൗദിയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് – Metro Journal Online

റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുമായി സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്. പല മേഖലകളിലും മഴക്ക് സാധ്യതയുള്ളതായും റിയാദ് മേഖലയില്‍ കനത്തതോ, മിതമായ തോതിലുള്ളതോ ആയ മഴയാണ് ഉണ്ടാവുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
ചില പ്രദേശങ്ങളില്‍ ഇടിമിന്നലും വെള്ളപ്പൊക്കവും അനുഭവപ്പെട്ടേക്കാം. റിയാദിനൊപ്പം ധര്‍മ്മ, അല്‍ മുസാഹിമിയ, അല്‍ സുല്‍ഫി, അല്‍ മജ്മ, അല്‍ ഗര്‍ജ്, ദിരിയ, ഷഖ്‌റ തുടങ്ങിയ നഗരപ്രദേശങ്ങളെയും മഴയും മിന്നലും വെള്ളപ്പൊക്കവും ബാധിച്ചേക്കും. വടക്കന്‍ അതിര്‍ത്തികളിലും ജൗഫ്, മദീന, ബാഹ എന്നിവിടങ്ങളിലും മഴയുണ്ടാകും. കിഴക്കന്‍ പ്രവിശ്യയായ ഖസിമില്‍ ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. അസ്ഥിരമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്ക ഭീഷണിയുള്ള താഴ്ന്ന പ്രദേശങ്ങളിലും വാദികള്‍, അരുവികള്‍ എന്നിവിടങ്ങളില്‍ നിന്നും അകലം പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് അഭ്യര്‍ത്ഥിച്ചു.