Gulf

ആരോഗ്യ മേഖലയില്‍ ഏകീകൃത ലൈസന്‍സുമായി യുഎഇ; ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രഫഷണലുകള്‍ക്ക് ഏത് എമിറേറ്റിലും ജോലി ചെയ്യാം

അബുദാബി: രാജ്യത്തെ ആരോഗ്യ മേഖലയില്‍ ഏകീകൃത ലൈസന്‍സ് സംവിധാനം ഏര്‍പ്പെടുത്താന്‍ യുഎഇ ഒരുങ്ങുന്നു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ആശുപത്രികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഐടി പ്രൊഫഷണലുകള്‍, ആരോഗ്യ മേഖലയിലെ അനുബന്ധ പ്രഫഷണലുകള്‍ എന്നിവര്‍ക്കാണ് ഏകീകൃത ലൈസന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇതിനായി പുതിയ ദേശീയ പ്ലാറ്റ്‌ഫോമാണ് യുഎഇ സജ്ജമാക്കുന്നത്. സംവിധാനം യാഥാര്‍ഥ്യമായാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം ഏത് എമിറേറ്റിലും ജോലിചെയ്യാന്‍ അവസരം ലഭിക്കും.

ലൈസന്‍സിങ് സംവിധാനത്തിന്റെ മുന്നോടിയായി രാജ്യത്തെആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളെയും ഏകീകൃത പ്ലാറ്റ്‌ഫോമിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യും. ഇതോടെ സ്ഥാപനങ്ങള്‍ സ്വന്തം നിലക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലൈസന്‍സ് എടുക്കുന്ന കാലങ്ങളായുള്ള രീതിയും മാറും. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍-സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ഏതില്‍ വേണമെങ്കിലും ജോലിചെയ്യാനും അവസരം ലഭിക്കും.
രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളില്‍ യാതൊരു സങ്കീര്‍ണതയും ഇല്ലാത്തതും സുതാര്യവുമായിരിക്കുമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇത് യാഥാര്‍ഥ്യമായാല്‍ ലൈസന്‍സിങ്ങിനുള്ള നിലവിലെ സങ്കീര്‍ണതകള്‍ അവസാനിക്കുകയും അതിവേഗം കരസ്ഥമാക്കാന്‍ ഉപകരിക്കുകയും ചെയ്യും. ഏകീകൃത ലൈസന്‍സിങ് സംവിധാനം നിലവില്‍ വന്നാല്‍ ലൈസന്‍സിങ്ങുമായി ബന്ധപ്പെട്ട ആവര്‍ത്തനം ഇല്ലാതാവുമെന്ന് ലൈസന്‍സിങ് വിഭാഗം ആക്ടിങ് ഡയരക്ടര്‍ അല്ല മന്‍സൂര്‍ യഹ്‌യ വ്യക്തമാക്കി.

See also  യുഎഇ-സിറിയ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

Related Articles

Back to top button