Movies

ഫഹദ് ഫാസിലിന്റെ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്ത്;ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റർടെയിനർ ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം ആർക്കാ മീഡിയ വർക്ക്സിന്റെയും ഷോവിങ് ബിസിനസിന്റെയും ബാനറുകളിൽ എസ്. എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ഒരു കൊച്ചു പെൺകുട്ടിക്കായി മാജിക് അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. തുടർന്ന് പെൺകുട്ടിയെ അപ്രത്യക്ഷയാക്കുന്ന ഒരു വലിയ മാജിക് കാണിക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുന്നതോടെ അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറുന്നു. ഫാന്റസിയും ഹാസ്യവും വികാരനിർഭരമായ മുഹൂർത്തങ്ങളും സമന്വയിപ്പിക്കുന്ന കഥയാണ് ചിത്രം അവതരിപ്പിക്കുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഫഹദിന്റെ പതിവിൽ നിന്ന് വ്യത്യസ്തമായ തമാശ നിറഞ്ഞ കഥാപാത്രവും ബാലതാരത്തിന്റെ പ്രകടനവും ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.

‘പ്രേമലു’യുടെ വിജയകരമായ വിതരണത്തിന് ശേഷം നിർമ്മാണരംഗത്തേക്ക് കടന്ന എസ്. എസ്. കാർത്തികേയയുടെ പുതിയ സംരംഭം കൂടിയായ ഈ ചിത്രത്തിന് കാല ഭൈരവയാണ് സംഗീതം ഒരുക്കുന്നത്. ദൃശ്യങ്ങളുടെ ബ്രഹ്മാണ്ഡതയും പശ്ചാത്തല സംഗീതവും ടീസറിന്റെ പ്രധാന ഹൈലൈറ്റുകളാണ്.

‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ 2026 സെപ്റ്റംബർ 11ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

See also  വീണ്ടും മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ചിത്രം; പൂജ കഴിഞ്ഞു

Related Articles

Back to top button