Sports

വിജയ് ഹസാരെയിലും കേരളത്തിന് നിരാശ – Metro Journal Online

മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യ റൗണ്ടില്‍ പുറത്തായ കേരളത്തിന് വിജയ് ഹസാരെ ട്രോഫിയിലും തിരിച്ചടി. ഗ്രൂപ്പ് മത്സരത്തില്‍ ബംഗാളിനോട് 24 റണ്‍സിനെ പരാജയമാണ് കേരളം ഏറ്റുവാങ്ങിയത്. മുഹമ്മദ് ഷമിയടക്കമുള്ള താരങ്ങളുടെ അഭാവത്തില്‍ ക്രീസിലിറങ്ങിയ ടീമിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്.

സഞ്ജു സാംസണില്ലാതെ കളത്തിലിറങ്ങിയ കേരളത്തിന് ഈ ടൂര്‍ണമെന്റില്‍ ഇതുവരെയായിട്ടും വിജയിക്കാന്‍ സാധിച്ചില്ല. നാല് മത്സരങ്ങളില്‍ മധ്യപ്രദേശിനെതിരായ കളി മഴ മൂലം മുടങ്ങിയതിനാല്‍ സംപൂജ്യരായില്ലെന്ന് മെച്ചം. രണ്ട് പോയിന്റുമായി കേരളം ഗ്രൂപ് ഇയില്‍ അവസാനമാണ്.

ബംഗാളിനോട് ജയിക്കാമായിരുന്ന കളിയാണ് കേരളം നശിപ്പിച്ചത്. സഞ്ജുവിനെ പോലുള്ള ഒരു താരത്തിന്റെ അഭാവം നിഴലിച്ച മത്സരം കൂടിയായിരുന്നു ഇന്ന് ഹൈദരബാദില്‍ നടന്നത്.
ടോസ് നഷ്ടമായിട്ടും ആദ്യം ബാറ്റ് ചെയ്ത ബംഗാളിന് നിശ്ചിത അമ്പത് ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് മാത്രമെ എടുക്കാനായുള്ളു. കേരളത്തിന് വേണ്ടി എം ഡി നിധീഷ് മൂന്ന് വിക്ക്റ്റും ജലജ് സക്‌സേന, ആദിഥ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ബംഗാള്‍ നിരയില്‍ എട്ടാമനായി ഇറങ്ങിയ പ്രതീപ്ത പ്രമാണിക് ആണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 82 പന്തില്‍ നിന്ന് പുറത്താകാതെ 74 റണ്‍സെടുത്ത താരമാണ് ബംഗാളിന്റെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് എന്ന നിലയിലായിരുന്ന ബംഗാളിന് എട്ടാം വിക്കറ്റ് നഷ്ടമായത് 170 റണ്‍സിലായിരുന്നു. 171 റണ്‍സിന് ഒമ്പതാം വിക്കറ്റ് നഷ്ടമായപ്പോഴും അവസാന ബാറ്ററായ സയാന്‍ ഘോഷിനൊപ്പം ചേര്‍ന്ന് മികച്ച മുന്നേറ്റമാണ് പ്രതീപ്ത നടത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന്റെ ഇന്നിംഗ്‌സ് 46.5 ഓവറില്‍ 182 റണ്‍സിന് അവസാനിച്ചു.

നേരത്തെ ഡല്‍ഹിയോടും ബറോഡയോടും കേരളം പരാജയപ്പെട്ടിരുന്നു.

See also  ഒരു റണ്ണിന്റെയും രണ്ട് റണ്ണിന്റെയും വില; ചരിത്രം കുറിച്ച് കേരളം രഞ്ജി ട്രോഫി ഫൈനലിൽ

Related Articles

Back to top button