Education

പണമില്ലാത്തതിന്റെ പേരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ടൂറിന് കൊണ്ടുപോകാതിരിക്കരുത്; കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ മന്ത്രി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ മാനസികമായി സമ്മര്‍ദത്തിലാക്കുന്ന നടപടികളില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ വിട്ടുനില്‍ക്കണമെന്നും പഠനയാത്രകള്‍ എന്ന പേരില്‍ പണം പൊട്ടിച്ച് വിനോദ യാത്രകള്‍ സംഘടിപ്പിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പഠന യാത്രയുമായി ബന്ധപ്പെട്ട് വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ പ്രയാസപ്പെടുന്നുണ്ടെന്ന വാര്‍ത്തക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.

അധ്യാപകരുടെയും മറ്റും ജന്മദിനം ആഘോഷിക്കാനായി നടക്കുന്ന പണപ്പിരിവിനെയും ടൂറിന് പോകുന്ന അധ്യാപകരുടെ പണം കുട്ടികളില്‍ നിന്ന് ഈടാക്കുന്നതിനെയും മന്ത്രി ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

മന്ത്രിയുടെ പോസ്റ്റ് വായിക്കാം.

‘പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താല്‍ സ്‌കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പാടുള്ളതല്ല.
സ്‌കൂളുകളില്‍ പഠനയാത്രകള്‍, സ്‌കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങള്‍ എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി നടപ്പില്‍ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേല്‍ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.
സ്‌കൂള്‍ പഠനയാത്രകള്‍, വിനോദയാത്രകള്‍ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിന് വന്‍തോതിലുള്ള തുകയാണ് ചില സ്‌കൂളുകളില്‍ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ കഴിയാതെ അവരില്‍ മാനസിക പ്രയാസം ഉണ്ടാക്കുന്നു. ആയതിനാല്‍ പഠനയാത്രകള്‍ എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ ക്രമീകരിക്കണം.
സ്‌കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാ ചെലവ് ബന്ധപ്പെട്ട പി.ടി.എ. കമ്മിറ്റികളോ സ്റ്റാഫ് മാനേജ്‌മെന്റ് കമ്മിറ്റികളോ വഹിക്കേണ്ടതാണ്.
സ്‌കൂളുകളില്‍ ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും ജന്മദിനംപോലുള്ള വ്യക്തിഗത ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. സമ്മാനങ്ങള്‍ കൊണ്ട് വരാത്ത കുട്ടികളെ വേര്‍തിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയതിനാല്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിന് സ്‌കൂള്‍ അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണം.’

See also  വിവാദ പരാമർശം പിആർ ഏജൻസി എഴുതി നൽകിയത്, പിൻവലിക്കുന്നു: ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം

Related Articles

Back to top button