Education

ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും; തമിഴ്നാട്ടിലും ആന്ധ്രയിലും ജാഗ്രത നിർദേശം

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ഉച്ചയ്ക്ക് ശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപത്തായി കര തൊടുമെന്നാണ് വിവരം. മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാമെന്നാണ് മുന്നറിയിപ്പ്. തമിഴ്നാട് -തെക്കൻ ആന്ധ്രാ തീരമേഖല അതീവജാഗ്രതയിലാണ്.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് സാഹചര്യത്തിൽ ചെന്നൈയിൽ അടക്കം 8 ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്പെഷൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകണമെന്നാണ് നിർദേശം. ബീച്ചുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഇന്നത്തെ പരിപാടി റദ്ദാക്കി. തിരുവാരൂരിൽ കേന്ദ്ര സർവകലാശാലയുടെ പരിപാടിയിൽ രാഷ്ട്രപതി പങ്കെടുക്കില്ല. ചെന്നൈയിൽനിന്നുള്ള പല വിമാനങ്ങളും വൈകുകയാണ്. ഇന്നലെ ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. അതേസമയം, ചെന്നൈ മെട്രോ രാത്രി 11 വരെ തുടരും.

ഇന്ന് ചെന്നൈ അടക്കം 7 ജില്ലകളിൽ റെഡ് അലർട്ടാണ്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപട്ട്, വില്ലുപുരം, കടലൂർ, കല്ലുറിച്ചി ജില്ലകളിലാണ് റെഡ് അലർട്ട്. ശക്തമായ കാറ്റിനും മിന്നലിനും ഇടിയോടുകൂടിയ അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് പ്രവചനം. തിരുവണ്ണാമല, അരിയലൂർ, മൈലാടുതുറൈ, സേലം, തഞ്ചാവൂർ, നാഗപട്ടണം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

The post ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും; തമിഴ്നാട്ടിലും ആന്ധ്രയിലും ജാഗ്രത നിർദേശം appeared first on Metro Journal Online.

See also  അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി

Related Articles

Back to top button