Gulf

ഒമാൻ ഉൾക്കടലിൽ എണ്ണ ടാങ്കറുകൾ കൂട്ടിയിടിച്ചു; 24 ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

അബുദാബി: ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണ ടാങ്കറുകൾ കൂട്ടിയിടിച്ച് വൻ അപകടം. യുഎഇയുടെ തീരത്തുനിന്ന് ഏകദേശം 24 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട അഡലിൻ (ADALYNN) എന്ന എണ്ണക്കപ്പലിൽ നിന്നുള്ള 24 ജീവനക്കാരെയും യുഎഇ ദേശീയ സുരക്ഷാ സേനയിലെ തീരദേശ സുരക്ഷാ വിഭാഗം വിജയകരമായി രക്ഷപ്പെടുത്തി.

 

ഇന്ന് പുലർച്ചെ 1.40 ഓടെയാണ് സംഭവം. അഡലിൻ എണ്ണക്കപ്പലും ഫ്രണ്ട് ഈഗിൾ (Front Eagle) എന്ന മറ്റൊരു കപ്പലും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയെ തുടർന്ന് കപ്പലുകളിലൊന്നിന് തീപിടിച്ചതായും റിപ്പോർട്ടുകളുണ്ട്. ഉടൻതന്നെ രക്ഷാപ്രവർത്തന ബോട്ടുകൾ സ്ഥലത്തെത്തുകയും ജീവനക്കാരെ കപ്പലിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.

രക്ഷപ്പെടുത്തിയ എല്ലാ ജീവനക്കാരെയും യുഎഇയിലെ ഖോർഫക്കാൻ തുറമുഖത്ത് എത്തിച്ചതായി യുഎഇ ദേശീയ സുരക്ഷാ സേന പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ, അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. മേഖലയിൽ ഇസ്രായേൽ-ഇറാൻ സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും, ഈ കപ്പൽ കൂട്ടിയിടിക്ക് സുരക്ഷാപരമായ കാരണങ്ങളൊന്നും ഇല്ലെന്നാണ് ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി സ്ഥാപനമായ ആംബ്രേ (Ambrey) വ്യക്തമാക്കിയത്.

ഹോർമുസ് കടലിടുക്കിന്റെ കിഴക്ക് ഭാഗത്താണ് അപകടം സംഭവിച്ചത്. ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഗതാഗത പാതകളിലൊന്നാണ് ഇത്. ഈ സംഭവം പ്രാദേശിക എണ്ണ വിപണിയിൽ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

See also  സംരംഭകരെ ആകര്‍ഷിക്കാന്‍ മൂന്നുമാസത്തെ ബിസിനസ് ഓപ്പര്‍ച്യൂണിറ്റി വിസയുമായി യുഎഇ

Related Articles

Back to top button