ഇറാൻ യുദ്ധസമാധാന ചർച്ചകൾ വീണ്ടും പ്രതിസന്ധിയിൽ; ചരക്കുകപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം, എണ്ണവില ഉയരുന്നു

ദുബായ് / വാഷിംഗ്ടൺ: യുഎസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ വീണ്ടും വഴിയാധാരമായതോടെ പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്നു. ബാബ് അൽ-മന്ദബ് കടലിടുക്കിലും ഒമാൻ ഉൾക്കടലിലും ചരക്കുകപ്പലുകൾക്ക് നേരെ പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു.
ചെങ്കടലിന്റെ തെക്കൻ മേഖലയായ ബാബ് അൽ-മന്ദബ് കടലിടുക്കിൽ ഈജിപ്ഷ്യൻ ഉടമസ്ഥതയിലുള്ള ‘തിഹാമ’ (Tihamah) എന്ന ചരക്കുകപ്പലിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ നാല് ജീവനക്കാരും രണ്ട് യെമനി രക്ഷാപ്രവർത്തകരുമടക്കം ആറുപേർ കൊല്ലപ്പെട്ടു. ഇറാൻ യുദ്ധം ആരംഭിച്ച ശേഷം ഹൂതികളുടെ ആക്രമണത്തിൽ കപ്പൽ ജീവനക്കാർ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്.
തങ്ങളുടെ വ്യവസ്ഥകൾ അംഗീകരിക്കാതെ ഹോർമുസ് കടലിടുക്ക് തുറന്നുനൽകില്ലെന്ന് ഇറാൻ നിലപാട് വ്യക്തമാക്കിയതോടെ ചർച്ചകൾ കൂടുതൽ സങ്കീർണ്ണമായി. ഉപരോധം മൂലം മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകണമെന്നും മേഖലയിലെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കണമെന്നുമാണ് ഇറാന്റെ ആവശ്യം. അതേസമയം, ഇറാൻ നഷ്ടപരിഹാരം നൽകണമെന്ന പുതിയ നിബന്ധനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തി.
ലോകവ്യാപാരത്തെയും എണ്ണ വിതരണത്തെയും ബാധിക്കുന്ന ഈ നിർണായക സമുദ്രപാതകളിലെ ആക്രമണങ്ങളെ തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുകയും ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.



