Gulf

വ്യാജ ഏജന്റുമാർക്കെതിരെ ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ്; ബയോമെട്രിക് വിവരങ്ങളും രേഖകളും നൽകരുതെന്ന് നിർദേശം

ദുബായ്: യു.എ.ഇയിൽ വിസ ക്രമവൽക്കരണം, ഔട്ട്പാസ്, എമിറേറ്റ്സ് ഐഡി, തൊഴിൽ അവസരങ്ങൾ എന്നിവ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന വ്യാജ ഏജന്റുമാർക്കെതിരെ ഇന്ത്യൻ പൗരന്മാർക്ക് തീവ്ര ജാഗ്രതാ നിർദേശവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. പ്രത്യേകം നിർമാണം, ശുചീകരണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളെ (Blue-collar workers) ലക്ഷ്യമിട്ടാണ് വ്യാജ ഏജന്റുമാരുടെ പ്രവർത്തനം.

​സഹായം വാഗ്ദാനം ചെയ്ത് ഇരകളുടെ വിരലടയാളം, ഫെയ്സ് സ്കാൻ തുടങ്ങിയ ബയോമെട്രിക് വിവരങ്ങളും പാസ്‌പോർട്ട്, എമിറേറ്റ്സ് ഐഡി തുടങ്ങിയ രേഖകളും തട്ടിപ്പുകാർ ശേഖരിക്കുകയാണ്. പ്രവാസികളുടെ അറിവോ സമ്മതമോ കൂടാതെ ഇവ ഉപയോഗിച്ച് വ്യാജ ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാനും ബാങ്ക് ലോണുകളും ക്രെഡിറ്റ് കാർഡുകളും സ്വന്തമാക്കാനും സാധ്യതയുണ്ട്. ഇതിലൂടെ നിരപരാധികളായ പ്രവാസികൾ വലിയ സാമ്പത്തിക ബാധ്യതയിലേക്കും യാത്രാവിലക്കുകളിലേക്കും ജയിൽ ശിക്ഷയിലേക്കും വരെ തള്ളപ്പെടാൻ ഇടയുണ്ടെന്ന് കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി.

​പാസ്‌പോർട്ടോ എമർജൻസി സർട്ടിഫിക്കറ്റോ (White Passport) അനുവദിക്കുന്നതിന് അബുദാബിയിലെ ഇന്ത്യൻ എംബസിയോ ദുബായിലെ കോൺസുലേറ്റോ ഒരുകാരണവശാലും വിരലടയാളമോ ബയോമെട്രിക് വിവരങ്ങളോ ആവശ്യപ്പെടാറില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം വിവരങ്ങൾ ആവശ്യപ്പെടുന്നവരെ തട്ടിപ്പുകാരായി കാണണം. വിസയും ഐഡിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് യു.എ.ഇ സർക്കാരിന്റെ ഔദ്യോഗിക കേന്ദ്രങ്ങൾ മാത്രം ഉപയോഗിക്കുക.

​എതെങ്കിലും തരത്തിലുള്ള സംശയങ്ങളോ സഹായങ്ങളോ ആവശ്യമെങ്കിൽ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രവുമായി (PBSK) ബന്ധപ്പെടാവുന്നതാണ്.

​ടോൾ ഫ്രീ നമ്പർ: 80046342

​വാട്സ്ആപ്പ് / SMS: 00971543090571

​ഇമെയിൽ: pbsk.dubai@mea.gov.in

See also  ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശന വിസകള്‍ക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമെന്ന് ദുബൈ എമിഗ്രേഷന്‍

Related Articles

Back to top button