സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്

അബുദാബി : റിമോട്ട് ആക്സസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. മാർച്ച് 13-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സ്മാർട്ഫോണുകളിലും, കമ്പ്യൂട്ടറുകളിലും റിമോട്ട് ആക്സസ് സോഫ്റ്റ്‌വെയറുകൾ ഡൌൺലോഡ് ചെയ്യുന്നതിന്റെ അപകടസാദ്ധ്യതകൾ അബുദാബി പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇരകളുടെ കംപ്യൂട്ടറുകളിലേക്കും, സ്മാർട്ട്ഫോണുകളിലേക്കും അനുവാദമില്ലാതെ പ്രവേശിക്കുന്നതിനായി തട്ടിപ്പുകാർ ഇത്തരം സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നതായി പോലീസ് കൂട്ടിച്ചേർത്തു.
ടെക്നിക്കൽ സപ്പോർട്ട്, റിമോട്ട് വർക്, സ്ക്രീൻ ഷെയറിങ് തുടങ്ങിയ നിയമപ്രകാരമുള്ള പ്രവർത്തികൾക്കായാണ് ഇത്തരം സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നതെങ്കിലും സൈബർ കുറ്റവാളികൾ ഇവ ദുരുപയോഗം ചെയ്യുന്നതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതികസഹായം പോലുള്ള ന്യായമായ ആവശ്യങ്ങൾക്കെന്ന രൂപത്തിൽ ഇരകളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് ഇത്തരം സോഫ്റ്റ്‌വെയർ പ്രോഗ്രാമുകൾ കുറ്റവാളികൾ ഉപയോഗപ്പെടുത്തുന്നതായി പോലീസ് ചൂണ്ടിക്കാട്ടി.
ഇത്തരം സോഫ്റ്റ്‌വെയറുകൾ ഡൌൺലോഡ് ചെയ്യാനും, സ്വകാര്യ വിവരങ്ങൾ പങ്ക് വെക്കാനും ആവശ്യപ്പെടുന്ന രീതിയിലുള്ള സംശയകരമായ ഫോൺ കാളുകളോട് പ്രതികരിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കിങ് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് നമ്പറുകൾ, പാസ്സ്‌വേർഡ്, എ ടി എം പിൻ, സെക്യൂരിറ്റി കോഡുകൾ, ഒടിപി മുതലായവ ഫോണുകളിലൂടെ അപരിചിതരുമായി പങ്ക് വെക്കരുതെന്നും പോലീസ് കൂട്ടിച്ചേർത്തു.
The post സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പ് നൽകി അബുദാബി പോലീസ് appeared first on Metro Journal Online.