Kerala

പമ്പയിലും സന്നിധാനത്തും സമരങ്ങൾ വിലക്കി ഹൈക്കോടതി

കൊച്ചി: ശബരിമല ഡോളി സമരത്തിൽ രൂക്ഷ​ വിമർശനവുമായി ഹൈക്കോടതി.​ അയ്യപ്പ ഭക്തരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തീർഥാ​ടന കാലയളവിൽ ഇത്തരം പ്രവൃ​ത്തികൾ ഇനി പാടില്ലെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിലപാടെടുത്തു. തുടർന്ന് പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും കോടതി വിലക്ക് ഏർപ്പെടുത്തി.

ബുധനാഴ്ച ഡോളി തൊഴിലാളികൾ നടത്തിയ സമരത്തിൽ റിപ്പോർട്ട് നൽകാൻ ചീഫ് പൊലീസ് കോർഡിനേറ്റർക്ക് ഹൈക്കോടതി നിർദേശം നൽകി. ഡോളി തൊഴിലാളി സമരം പോലെയുള്ളത് ഇനി ആവർത്തിക്കരുത്. ഇത്തരം സമരങ്ങൾ ഭക്തരുടെ ആരാധനാവകാശത്തെ ബാധിക്കുമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. അമിതനിരക്ക് ഈടാക്കുന്നത് ഒഴിവാക്കാൻ പ്രീപെയ്ഡ് രീതിയിലേക്ക് ഡോളി സർവീസ് മാറ്റാനുള്ള ദേവസ്വം നീക്കത്തിനെതിരേ​യാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്.

ഹൈക്കോടതി നിർദേശ പ്രകാരമാണ് പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമുള്ള ഡോളി സർവീസ് പ്രീപെയ്ഡ് ആക്കുന്നതിനുള്ള ചർച്ചകൾ ദേവസ്വം ബോർഡ് തുടങ്ങിയത്.

ഒരു വശത്തേക്ക് ചുരുങ്ങിയത് 3,250 രൂപ എന്ന നിരക്കിൽ ആയിരുന്നു ദേവസ്വം ബോർഡ് തീരുമാനം. എന്നാൽ ഏകപക്ഷീയമായ തീരുമാനമെന്ന് ആരോപിച്ച് അർ​ധ​രാത്രി മുതൽ 300​ലേറെ വരുന്ന ഡോളി സർവീസുകാർ പണിമുടക്കുകയായിരുന്നു. ഇതോടെ ഡോളി സർവീസിനെ ആശ്രയിച്ച് സന്നിധാനത്ത് എത്തിയ പ്രായമായവരും ഭിന്നശേഷിക്കാരും വലഞ്ഞു. പിന്നീട് ശബരിമല എഡിഎമ്മുമായി സമരക്കാർ നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിക്കാൻ ധാരണയായത്.

നാലു കേന്ദ്രങ്ങളിൽ കൗണ്ടർ തുടങ്ങി ഡോളി സർവീസ് പ്രീപെയ്ഡ് മാതൃകയിലാക്കാനാണ് ആലോചന. ഡോളി സർവീസുകാർ എതിർപ്പ് പരസ്യമാക്കിയതോടെ അടിസ്ഥാന നിരക്കിൽ ഉൾപ്പെടെ ഇനി മാറ്റം വരുത്തും. ചില ഡോളി സർവീസുകാർ തീർഥാടകരിൽ നിന്നും അമിത നിരക്ക് ഈടാക്കുന്നുവെന്ന് പരാതി വ്യാപകമായതിനെ തുടർന്നാണ് പ്രീപെയ്ഡ് സംവിധാനത്തെ കുറിച്ച് ആലോചിക്കാൻ ഹൈക്കോടതി ദേവസ്വം ബോർഡിനോട് നിർദേ​ശിച്ചത്.

The post പമ്പയിലും സന്നിധാനത്തും സമരങ്ങൾ വിലക്കി ഹൈക്കോടതി appeared first on Metro Journal Online.

See also  ഫ്‌ളാറ്റ് തട്ടിപ്പ് കേസ്: ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

Related Articles

Back to top button